പ്രതിപക്ഷത്ത് വര്‍ഷം ഏഴര പിന്നിട്ടിരിക്കെ കോണ്‍ഗ്രസിലെ വിദ്യാര്‍ഥി-യുവജന പ്രവര്‍ത്തകര്‍ കേസുകളാല്‍ പൊറുതിമുട്ടുന്നു. നൂറുകണക്കിന് കേസാണ് സമരങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങി വിഷമിക്കുന്ന പ്രവര്‍ത്തകരെ സഹായിക്കാൻ പാര്‍ട്ടി ഇല്ലെന്ന ആക്ഷേപം ഈ സംഘടനകളില്‍ പുകയുകയാണ്.

വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് നിരവധി കേസില്‍ പ്രതിയായ കോടതിയില്‍ കയറി ഇറങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ. പൊലീസ് മാനസികമായും അല്ലാതെയും ബുദ്ധിമുട്ടിക്കുന്നതിന് പുറമെയാണ് പാര്‍ട്ടി തിരിഞ്ഞുനോക്കാത്തതു മൂലമുള്ള സാമ്ബത്തിക പ്രതിസന്ധിയും മാനസിക വ്യഥയുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഇത്തരം കേസുകള്‍ നടത്താൻ സഹായം ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത് നടപ്പായില്ലെന്ന് യൂത്ത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന്‍റെ അഭിഭാഷക സംഘടനയിലുള്ള ആരെയോ ഈ കേസുകള്‍ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയതായി പ്രസിഡന്‍റ് അറിയിച്ചതല്ലാതെ ഇവരുടെ സേവനം കിട്ടിയിട്ടില്ലത്രേ. സ്വന്തം പേരില്‍ നൂറ് കേസ് വരെയുള്ള യൂത്ത് നേതാക്കളുണ്ടത്രേ. പാര്‍ട്ടിക്കുവേണ്ടി കൊടിപിടിക്കാനും സമരം നയിക്കാനും മുന്നില്‍ നില്‍ക്കുന്നവരെ നിരാശപ്പെടുത്തുന്ന സമീപനത്തിനെതിരെ നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക