ന്യൂഡെല്‍ഹി: ലൈംഗിക തൊഴില്‍ ജോലിയാണെന്ന് അംഗീകരിച്ച സുപ്രീം കോടതി ലൈംഗിക തൊഴിലാളികള്‍ക്കെതിരെ പൊലീസ് ഇടപെടുകയോ ക്രിമിനല്‍ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്നും ഉത്തരവിറക്കി. രാജ്യത്തെമ്ബാടുമുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ വിധിയെ സ്വാഗതം ചെയ്തു.

നിയമപ്രകാരം അന്തസിനും തുല്യ പരിരക്ഷയ്ക്കും ലൈംഗികത്തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ട്. പ്രായപൂര്‍ത്തിയായവരും സമ്മതമുള്ളവരുമായ ലൈംഗിക തൊഴിലാളികള്‍ക്കെതിരെ പൊലീസ് ഇടപെടുകയോ ക്രിമിനല്‍ നടപടി സ്വീകരിക്കുകയോ ചെയ്യരുത്. ‘ജോലി എന്തായാലും, ഈ രാജ്യത്തെ ഓരോ വ്യക്തിക്കും ഭരണഘടനയുടെ ആര്‍ടികിള്‍ 21 പ്രകാരം മാന്യമായ ജീവിതത്തിന് അവകാശമുണ്ട്’, കോടതി നിരീക്ഷിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ലൈംഗിക തൊഴിലാളികള്‍ക്ക് നിയമത്തിന്റെ തുല്യ സംരക്ഷണത്തിന് അര്‍ഹതയുണ്ട്. ക്രിമിനല്‍ നിയമം ‘പ്രായം’, ‘സമ്മതം’ എന്നിവയുടെ അടിസ്ഥാനത്തില്‍ എല്ലാ കേസുകളിലും ഒരുപോലെ ബാധകമായിരിക്കണം. ലൈംഗികത്തൊഴിലാളി പ്രായപൂര്‍ത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് തൊഴിലെടുക്കുന്നതെന്നും വ്യക്തമാകുമ്ബോള്‍, പൊലീസ് ഇടപെടാനോ ക്രിമിനല്‍ നടപടിയെടുക്കാനോ പാടില്ല’, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

ഏതെങ്കിലും വേശ്യാലയത്തില്‍ പരിശോധന നടക്കുമ്ബോഴെല്ലാം ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ഇരയാക്കുകയോ ചെയ്യരുതെന്നും ബെഞ്ച് ഉത്തരവിട്ടു, ‘സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമല്ല, വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണ്’ കോടതി ചൂണ്ടിക്കാട്ടി. ‘ലൈംഗികത്തൊഴിലാളിയുടെ കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പെടുത്താന്‍ പാടില്ല, മനുഷ്യ മര്യാദയുടെയും അന്തസിന്റെയും അടിസ്ഥാന സംരക്ഷണം ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ബാധകമാണ്,’ കോടതി ചൂണ്ടിക്കാട്ടി.

‘പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ വേശ്യാലയത്തിലോ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പമോ താമസിക്കുന്നതായി കണ്ടെത്തിയാല്‍, കുട്ടിയെ തട്ടിക്കൊണ്ടുവന്നതായി അനുമാനിക്കേണ്ടതില്ല. ലൈംഗികത്തൊഴിലാളി തന്റെ മകനോ മകളോ ആണെന്ന് അവകാശപ്പെടുന്ന സാഹചര്യത്തില്‍, ശരിയാണോ എന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്താം, അങ്ങനെയാണെങ്കില്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിയമപാലകര്‍ നിര്‍ബന്ധിച്ച്‌ കൊണ്ടുപോകരുത്,’ കോടതി ഉത്തരവിട്ടു.

ക്രിമിനല്‍ പരാതി നല്‍കുന്ന ലൈംഗിക തൊഴിലാളികളോട് വിവേചനം കാണിക്കരുതെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചു, പ്രത്യേകിച്ചും അവര്‍ക്കെതിരായ കുറ്റകൃത്യം ലൈംഗിക സ്വഭാവമുള്ളതാണെങ്കില്‍. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് ഉടനടി മെഡികോ-ലീഗല്‍ കെയര്‍ ഉള്‍പെടെ എല്ലാ സൗകര്യങ്ങളും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക