സംഘടനാ മെമ്പർഷിപ്പ് പൂർത്തിയാക്കി തിരഞ്ഞെടുപ്പിലേയ്ക്ക് കടന്നിരിക്കുകയാണ് കേരള കോൺഗ്രസ് എം. മണ്ഡലംതല തിരഞ്ഞെടുപ്പുകൾ പൂർത്തിയായി. നാളെയാണ് പാലായിലെ നിയോജകമണ്ഡലം പ്രസിഡൻറ് തിരഞ്ഞെടുപ്പ്. തങ്ങളുടെ ആസ്ഥാനമെന്ന കേരള കോൺഗ്രസ് വിശേഷിപ്പിക്കുന്ന പാലായിലെ നിയോജക മണ്ഡലം പ്രസിഡൻറ് സ്ഥാനം പാർട്ടിയിലെ തന്നെ സുപ്രധാന പദവികളിൽ ഒന്നാണ്. നിലവിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ കൂടിയായ ഫിലിപ്പ് കുഴികുളം ആണ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ്.

പതിറ്റാണ്ടുകളായി പദവി വഹിക്കുന്ന ഫിലിപ്പ് തുടരണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാൽ പാലാ നിയോജകമണ്ഡലത്തിലെ മുത്തോലി മണ്ഡലം പ്രസിഡണ്ട് ആയ യുവനേതാവ് ടോബിൻ കെ അലക്സ് നിയോജക മണ്ഡലം പ്രസിഡന്റ് പദവിയിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അണിയറ നീക്കങ്ങൾ ഇരുവിഭാഗങ്ങളും സജീവം ആക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭാ തിരഞ്ഞെടുപ്പിലെ തുടർ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ ഫിലിപ്പ് കുഴികുളത്തെ മാറ്റണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. പ്രത്യേകിച്ച് അദ്ദേഹത്തിൻറെ സ്വന്തം പഞ്ചായത്തായ കരൂർ പഞ്ചായത്തിൽ ജോസ് കെ മാണി മത്സരിച്ചപ്പോൾ പിന്നിൽ ആയതും ഇവർ ചൂണ്ടിക്കാട്ടുന്നു. കെഎം മാണി മത്സരിച്ച എല്ലാ കാലഘട്ടങ്ങളിലും, ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോം മത്സരിച്ചപ്പോഴും പാർട്ടി സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് കരൂർ. ഇവിടെയാണ് ജോസ് കെ മാണി പിന്നിൽ പോയത്. ഇതു കൂടാതെ ഇപ്പോൾ ഫിലിപ്പ് കുഴി കുളത്തിന് ജോസ് കെ മാണിയെ ക്കാൾ കൂടുതൽ ആഭിമുഖ്യം സിപിഎം ഉന്നതനോടാണ് എന്നും പാർട്ടിക്കുള്ളിൽ അടക്കം പറച്ചിലുണ്ട്.

എന്നാൽ പകരക്കാരനായി ഉയർന്നുവരുന്ന ടോബിൻ കെ അലക്സ് ഈ പദവിക്ക് അനുയോജ്യൻ അല്ല എന്ന ആക്ഷേപങ്ങളും പാർട്ടിക്കുള്ളിൽ തന്നെ ഉണ്ട്. മുത്തോലി പഞ്ചായത്തിന്റെ ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് നിയോജകമണ്ഡലം മുഴുവൻ സ്വീകാര്യത ലഭിക്കില്ല എന്ന ആശങ്ക അദ്ദേഹത്തെ അനുകൂലിക്കുന്ന മുതിർന്ന നേതാക്കൾക്ക് ഉണ്ട്. നിലവിൽ ഇദ്ദേഹം മുത്തോലി മണ്ഡലം പ്രസിഡണ്ട് ആണ്. ഇദ്ദേഹം പാർട്ടി പ്രസിഡണ്ടായ ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പാർട്ടിയുടെ ശക്തികേന്ദ്രമായി അവശേഷിക്കുന്ന മുത്തോലി പഞ്ചായത്തിൽ ബിജെപിക്ക് അധികാരം പിടിച്ചെടുക്കാൻ സാധിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ടോബിൻ കെ അലക്സ് എതിർ സ്ഥാനാർഥി ജോസ്മോൻ മുണ്ടയ്ക്കലിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ ഭൂരിപക്ഷം മുത്തോലിയിൽ ഗണ്യമായി കുറയുകയും ചെയ്തിരുന്നു. ഈ ഘടകങ്ങൾ ആണ് ടോബിന് എതിരായി ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ഇരു വിഭാഗങ്ങളും പരസ്പരം ആക്ഷേപങ്ങൾ ഉയർത്തിക്കാട്ടി തങ്ങളുടെ സാധ്യത ഉറപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. നിലവിൽ പാർട്ടിക്കുള്ളിൽ രൂക്ഷമായ എതിർപ്പ് നേരിടുന്നുണ്ടെങ്കിലും ഫിലിപ്പ് കുഴികുളത്തിന് ഭൂരിപക്ഷം മണ്ഡലം പ്രസിഡണ്ടുമാരുടെയും പിന്തുണ ഉറപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ ജോസ് കെ മാണിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് ടോബിൻ. ഇതുകൊണ്ടുതന്നെ പാർട്ടി ചെയർമാന്റെ പിന്തുണയുടെ കാര്യത്തിൽ ഇദ്ദേഹം തന്നെ പദവിയിലെത്തും എന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഏതായാലും നിയോജകമണ്ഡലം പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പാലായിലെ കേരള കോൺഗ്രസ് പാർട്ടിക്കുള്ളിൽ രൂക്ഷമായ വിഭാഗീയതയ്ക്ക് വഴിവെച്ചു എന്നു പറയാം. ജോസ് കെ മാണിയുടെ സാന്നിധ്യത്തിൽ അനുരഞ്ജനത്തിലൂടെ ഐക്യകണ്ഠേന തിരഞ്ഞെടുപ്പ് ഉണ്ടാകുമോ അതോ ഇരുവിഭാഗങ്ങളും മത്സര രംഗത്തേക്ക് നീങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. പാർട്ടി ചെയർമാനോട് പോലും ഒരു പോരാട്ടം നടത്തിയേ താൻ കീഴടങ്ങൂ എന്ന കൃത്യമായ സന്ദേശം സിറ്റിങ് പ്രസിഡന്റ് തന്നോട് അടുത്തു നിൽക്കുന്നവർക്ക് നൽകിയിട്ടുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക