കണ്ണൂര്‍: ഡിഐജിയെ (DIG) സല്യൂട്ട് ചെയ്യാത്തതിന് പോലീസുകാര്‍ക്കെതിരെ (police) നടപടി. കുടുംബശ്രീ പ്രവര്‍ത്തകരുടെ കോര്‍പറേഷന്‍ മാര്‍ച്ചില്‍ ഡ്യൂട്ടി എടുത്ത പോലീസുകാര്‍ക്കെതിരായാണ് നടപടി. സംഭവസമയത്ത് അതുവഴി കടന്നുപോയ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. രാഹുല്‍ ആര്‍. നായരെ പോലീസുകാര്‍ ശ്രദ്ധിച്ചില്ല. ഇതില്‍ പ്രകോപിതനായാണ് ഡി.ഐ.ജി. പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. പോലീസുകാര്‍ക്ക് ഏഴു ദിവസം ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷയാണ് വിധിച്ചത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കോംപൗണ്ടിലെ ടേസ്റ്റി ഹട്ട് ഹോട്ടല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു കുടുംബശ്രീ അംഗങ്ങളുടെ മാര്‍ച്ച്‌. മേയര്‍ അഡ്വ .ടി.ഒ. മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ ഉപരോധിച്ചു. കോര്‍പ്പറേഷന്‍ ഓഫീസ് പ്രധാന കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരം നടത്തുന്നതിനിടെ ഓഫീസിലേക്കെത്തിയ മേയറെ എട്ടോളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമരക്കാരും പോലീസും തമ്മില്‍ ഏറെ നേരം പിടിവലി നടന്നു. 20 മിനിട്ടോളം സമയം കോര്‍പറേഷന്‍ ഓഫീസ് സംഘര്‍ഷാവസ്ഥയിലായിരുന്നു. ടൗണ്‍ സി.ഐ. ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് രംഗം ശാന്തമാക്കിയത്.

കോര്‍പ്പറേഷന്‍ പരിസരം സംഘര്‍ഷഭരിതമായിരുന്നപ്പോഴാണ് ക്യാമ്ബ് ഓഫീസില്‍ നിന്ന് ഡി.ഐ.ജി. അതുവഴി കടന്നു പോയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ അത് ശ്രദ്ധിച്ചില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ ആരെന്ന് പരിശോധിച്ചാണ് ഡി.ഐ.ജി. നടപടി സ്വീകരിച്ചത്. സംഘര്‍ഷം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായത് സേനയില്‍ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, പോലീസിന്റെ പിന്തുണയോടു കൂടിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മേയറെ കയ്യേറ്റം ചെയ്തത് എന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. കോര്‍പ്പറേഷന്‍ കോമ്ബൗണ്ടില്‍ സംഘര്‍ഷം ഉണ്ടാകും എന്ന് വ്യക്തമായിരുന്നിട്ടും പോലീസ് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്ന് കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്‍റ് അഡ്വക്കേറ്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി. കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ നിന്നും പ്രതിഷേധക്കാരില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ഒരേ പോലെ പഴി കേള്‍ക്കേണ്ട സാഹചര്യമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായത്. ഇത് സേനയുടെ മനോവീര്യം തകര്‍ക്കുമെന്നും ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു.

കണ്ണൂരില്‍ ഡി.ഐ.ജി. ആയി ചുമതലയേറ്റ രാഹുല്‍ ആര്‍. നായര്‍ പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആദ്യഘട്ടത്തില്‍ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിറന്നാള്‍ ദിനത്തിലും ജീവിതപങ്കാളിയുടെ പിറന്നാള്‍ ദിനത്തിലും വീട്ടിലെ വിശേഷദിവസങ്ങളിലും അടിയന്തര ക്രമസമാധാന പ്രശ്നം ഇല്ലെങ്കില്‍ അവധി നല്‍കണമെന്ന് ഡി.ഐ.ജി. സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കോ വൈദ്യ സഹായം ആവശ്യമുണ്ടെങ്കില്‍ മേലുദ്യോഗസ്ഥര്‍ മാനുഷിക പരിഗണനയോടെ ഇതു ലഭ്യമാക്കണം എന്നും ഒന്നും വ്യക്തമാക്കിയിരുന്നു.

അര്‍ഹിക്കുന്ന പരിഗണന ലഭിക്കേണ്ട സഹായ അഭ്യര്‍ത്ഥനകള്‍ തിരുവനന്തപുരത്തെ പോലീസ് വെല്‍ഫയര്‍ ബ്യൂറോയിലേക്ക് കാലതാമസം കൂടാതെ അയച്ച്‌ നല്‍കണമെന്നും സര്‍ക്കുലറില്‍ എടുത്തുപറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസവും മനോവീര്യവും സംരക്ഷിക്കാനുള്ള നടപടികള്‍ ഡിഐജി യില്‍ നിന്ന് പ്രതീക്ഷിച്ച ഉദ്യോഗസ്ഥരില്‍ ശിക്ഷാനടപടി അമ്ബരപ്പ് ഉളവാക്കിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക