കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്നയുടന്‍ തന്നെ വലിയ തര്‍ക്കങ്ങള്‍ക്കൊന്നും ഇടം നല്‍കാതെ യു ഡി എഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ കഴിഞ്ഞു. അന്തരിച്ച പിടി തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേര് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ ഏറേക്കുറെ ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് പതിവ് തര്‍ക്കങ്ങള്‍ക്കൊന്നും ഇടം നല്‍കാതെ വിജ്ഞാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. അതേസമയത്ത് മറുവശത്താവട്ടെ ഇടത് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ച്‌ വലിയ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.

സി പി എം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ കെ എസ് അരുണ്‍കുമാര്‍ തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു ഇന്ന് രാവിലെയോടെ പുറത്ത് വന്ന വാര്‍ത്ത. ഇതോടെ സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തും പ്രചരണം ശക്തമാവുകയും ചെയ്തു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരുണ്‍കുമാറിന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചുവരെഴുത്തുകള്‍ ആരംഭിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വളരെ പെട്ടെന്നാണ് അന്തരീക്ഷം മാറി മറിയുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനമായില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജനും മന്ത്രി പി രാജീവും വ്യക്തമാക്കുകയായിരുന്നു. മണ്ഡലത്തില്‍ അരുണ്‍കുമാറിനായി ചുവരെഴുത്തുകള്‍ സജീവമായി തുടരുന്നതിനിടയിലായിരുന്നു സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി നേതാക്കള്‍ രംഗത്ത് എത്തിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം നിറഞ്ഞതോടെ ചുവരെഴുത്ത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥിയുടെ പേരിനൊപ്പം പാര്‍ട്ടി ചിഹ്നവും ഒപ്പം ഉറപ്പാണ് നൂറ്, ഉറപ്പാണ് തൃക്കാക്കരയെന്ന ടാഗ് ലൈനും ചുവരെഴുത്തുകളില്‍ കാണാമായിരുന്നു. സാധാരണ ഗതിയില്‍ എല്‍ ഡി എഫ് ചുമരുകള്‍ നേരത്തെ ബുക്ക് ചെയ്യാറുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി സ്ഥാനാര്‍ത്ഥിയുടെ പേര് ചുവരെഴുത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം നിറഞ്ഞോതോടെ എല്‍ ഡി എഫിനായി തൃക്കാക്കരയില്‍ സി പി എമ്മിന് വേണ്ടി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടായേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചില ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാലാണ് അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഓദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നാണ് സൂചന. എറണാകുളം ജില്ലയില്‍ നിന്ന് തന്നേയുള്ള ഒരു വനിതാ നേതാവാണ് എല്‍ ഡി എഫുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചതെന്നാണ് സൂചന.

അതേസമയം, മണ്ഡലത്തില്‍ യു ഡി എഫ് പ്രചാരണം ശക്തമായ തന്നെ ആരംഭിച്ച്‌ കഴിഞ്ഞു. ഇടുക്കി ബിഷപ്പിനെ സ്ഥാനാര്‍ത്ഥി ഉമ തോമസ് ഇന്ന് സന്ദര്‍ശിച്ചു. നേതൃത്വവുമായി അകല്‍ച്ചയിലുള്ള കെ.വി.തോമസിനെ നേരിട്ടുകാണാനും ഉമ തോമസ് തീരുമാനിച്ചിട്ടുണ്ട്. കെ.വി.തോമസ് തന്നെ എതിര്‍ത്തുപറയില്ല, എന്നും ചേര്‍ത്തുനിര്‍ത്തിയിട്ടേയുള്ളൂ. പി.ടി.തോമസിനെ നെഞ്ചേറ്റുന്ന തൃക്കാക്കരയിലെ ജനങ്ങള്‍ തനിക്കൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസം ഉമ പ്രകടിപ്പിച്ചു.

ബി ജെ പിയിലും സ്ഥാനാര്‍ത്തി ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്‍ ഡി എയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. തൃക്കാക്കരയില്‍ ബി ജെ പി തന്നെ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഘടകകക്ഷികള്‍ സീറ്റിനായി ആവശ്യമുന്നയിച്ചിരുന്നു എങ്കിലും ശക്തമായ മത്സരത്തിന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി വേണമെന്ന് ബി ജെ പി ഉറപ്പിക്കുകയായിരുന്നു. സംസ്ഥാന നേതാവായ എ എന്‍ രാധാകൃഷ്ണനാണ് പട്ടികയില്‍ മുന്‍പന്തിയില്‍. രണ്ട് വനിതകളും ബി ജെ പിയുടെ സാധ്യത പട്ടികയില്‍ സജീവമായുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ ബി ജെ പിയുടെ വനിത മുഖങ്ങളിലൊന്നായ ഒ എം ശാലിന, ടി പി സിന്ധുമോള്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റിലെ വനിതകള്‍. മഹിളാ മോര്‍ച്ച്‌ സംസ്ഥാന വൈസ് പ്രസിഡന്റാണ് ഒ എം ശാലിന. ബി ജെ പി സംസ്ഥാന സെക്രട്ടിമാരില്‍ ഒരാളാണ് ടി പി സിന്ധുമോള്‍. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്ബാവൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു ടി പി സിന്ധുമോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക