തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം വൈന്‍ ‘കെ- വൈന്‍’ വിപണിയില്‍ ഇറക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വൈന്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ എക്സൈസ് വകുപ്പ് തയ്യാറാക്കിയ ചട്ടത്തിന് നിയമ വകുപ്പ് അംഗീകാരം നല്‍കി.

ഫയല്‍ നിയമസഭ സബ്ജക്‌ട് കമ്മിറ്റി കൂടി കണ്ട ശേഷമാവും ഉത്തരവിറങ്ങുക. പുതിയ ചട്ടങ്ങള്‍ തയ്യാറാക്കുമ്ബോള്‍ കമ്മിറ്റിയെ അറിയിക്കണമെന്ന നിര്‍ദ്ദേശമുള്ളതിനാലാണിത്. കേരളത്തില്‍ നിലവില്‍ അംഗീകൃത വൈന്‍ നിര്‍മ്മാണ യൂണിറ്റുകളില്ല. വൈന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് 3 വര്‍ഷമാണ് ലൈസന്‍സ് കാലാവധി. വാര്‍ഷിക ഫീസ് 50,000 രൂപ, വൈന്‍ ബോട്ട് ലിങ് ലൈസന്‍സി 5000 രൂപ ഫീസ്. ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അധികാരം എക്സൈസ് കമ്മീഷണര്‍ക്കായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം കാര്‍ഷിക വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ചെയര്‍മാനായി ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍, ഫാക്ടറിസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി ശുപാര്‍ശ ചെയ്താലേ ലൈസന്‍സ് ലഭിക്കൂ.

സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് വൈന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണിത്. പൈനാപ്പിള്‍, ചക്ക തുടങ്ങിയവയില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ജാതിക്കയുടെ തോടില്‍ നിന്ന് ഉണ്ടാക്കുന്നതും പരിഗണിക്കും. യൂണിറ്റ് ആരംഭിക്കാന്‍ കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണ്ടിവരും. മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ വൈന്‍ എത്തുന്നത്. മുന്തിരിയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈനാണിത്.

അതേ സമയം പഴവര്‍ഗങ്ങളില്‍ നിന്നും ധാന്യേതര കാര്‍ഷിക വിഭവങ്ങളില്‍ നിന്നും ലഹരി കുറഞ്ഞ മദ്യം നിര്‍മ്മിക്കുന്ന പദ്ധതി വൈകും. പൈലറ്റ് പ്രൊജക്ടായി തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്ന് എഥനോളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും നിര്‍മ്മിക്കാനുള്ള പ്രധാന നടപടികള്‍ തുടങ്ങിയില്ല. ലാബ് ജോലികള്‍ നടക്കുന്നുണ്ട്. ഇതിന് 2 കോടി അനുവദിച്ചെങ്കിലും ഗവേഷണ കേന്ദ്രത്തിന് കൈമാറിയിട്ടില്ല. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയ വിഭവങ്ങളാണ് ഉപയോഗിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക