2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും സജീവമായി തുടര്‍ന്ന് വരികയാണ്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നഷ്ടമായ ആലപ്പുഴ ഉള്‍പ്പെടെ വിജയിച്ച്‌ ആകെയുള്ള 20 ല്‍ 20 സീറ്റും നേടുകയെന്ന ലക്ഷ്യത്തോടെയാണ് യു ഡി എഫ് പ്രവര്‍ത്തനം. മറുവശത്ത് സി പി എം നയിക്കുന്ന എല്‍ ഡി എഫ് ആവട്ടെ കഴിഞ്ഞ തവണത്തെ വന്‍ തോല്‍വിയില്‍ നിന്നും തിരിച്ച്‌ വരാനുള്ള തീവ്രശ്രമത്തിലുമാണ്.

പതിവുപോലെ ബി ജെ പി ഇത്തവണയും കേരളത്തില്‍ ഒരു സീറ്റിലെങ്കിലും വിജയം പ്രതീക്ഷിക്കുന്നു. തിരുവനന്തപുരവും തൃശ്ശൂരുമാണ് അവര്‍ പ്രധാനമായും വിജയം ലക്ഷ്യമിടുന്ന മണ്ഡലങ്ങള്‍. മൂന്ന് മുന്നണികളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഔദ്യോഗികമായല്ലെങ്കിലും തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ സാധ്യതയുള്ള നേതാക്കളോട് മണ്ഡലം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. ഈ സമയത്താണ് കേരളത്തിലെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടൈംസ് നൗ – ഇ ടി ജി സര്‍വ്വേയും പുറത്ത് വന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ ഇത്തവണ ബി ജെ പി ഒരു സീറ്റ് നേടാന്‍ സാധ്യതയുണ്ട് എന്നതാണ് ടൈംസ് നൗ – ഇ ടി ജി സര്‍വ്വേയിലെ പ്രധാന കണ്ടെത്തല്‍. പതിവ് പോലെ പൂജ്യം സീറ്റില്‍ ബി ജെ പി ഇത്തവണയും ഒതുങ്ങിയേക്കാം, അല്ലെങ്കില്‍ ഒരു സീറ്റ് വരെ നേടിയേക്കാം എന്നതാണ് പ്രവചനം. സര്‍വ്വേ റിപ്പോര്‍ട്ട് ശരിയാകുകയാണെങ്കില്‍ കേരളത്തില്‍ ബി ജെ പി പുതിയ ചരിത്രം കുറിക്കും.

എല്‍ ഡി എഫ് , യു ഡി എഫ് കക്ഷികളുടെ കാര്യത്തിലേക്ക് വരുമ്ബോള്‍ രണ്ട് കക്ഷികളേയും ഇന്ത്യ സംഖ്യത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തി 20 സീറ്റുകള്‍ ഇവര്‍ നേടിയേക്കാമെന്നും സര്‍വ്വെ പറയുന്നു. ഇതില്‍ തന്നെ കോണ്‍ഗ്രസിനാണ് മുന്‍ തൂക്കം. 11 മുതല്‍ 12 വരെ സീറ്റുകള്‍ അവര്‍ തനിച്ച്‌ നേടിയേക്കാം. അതേസമയം സി പി എമ്മിന് മൂന്ന് മുതല്‍ നാല് വരെ സീറ്റും ലഭിച്ചേക്കും. യു ഡി എഫ്, എല്‍ ഡി എഫ് മുന്നണികളിലെ മറ്റ് കക്ഷികള്‍ നേടുന്ന സീറ്റുകളെക്കുറിച്ച്‌ സര്‍വ്വെ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, 2024 ലും കേരളത്തില്‍ യു ഡി എഫ് തരംഗം ആഞ്ഞടിക്കുമെന്ന് കഴിഞ്ഞ മാസം സ്‌മോള്‍ ബോക്‌സ് ഇന്ത്യയുടെ അഭിപ്രായ സര്‍വേയില്‍ പ്രവചിച്ചിരുന്നു. യു ഡി എഫ് 18 സീറ്റിലും എല്‍ ഡി എഫ് രണ്ട് സീറ്റിലും വിജയിക്കുമെന്നാണ് പ്രവചനം. എന്‍ ഡി എയ്ക്ക് ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ലെന്നും സ്മോള്‍ ബോക്സ് സര്‍വ്വെ പ്രവചിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക