കൊച്ചി : പ്രഫ. കെ.വി. തോമസ്‌, ഇനി തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലേക്കില്ല എന്ന്‌ പ്രഖ്യാപിക്കുമ്ബോള്‍ പകരക്കാരിയായി മകള്‍ രേഖാ തോമസ്‌ സജീവ് രാഷ്‌ട്രീയത്തിലേക്കെന്നു സൂചന. മകളെ തെരഞ്ഞെടുപ്പ്‌ രംഗത്തിറക്കാന്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തുതന്നെ കെ.വി. തോമസ്‌ ശ്രമം തുടങ്ങിയിരുന്നു. കൊച്ചി, വൈപ്പിന്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിപ്പിക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഗ്രൂപ്പുനേതാക്കളുമായി ആശയ വിനിമയം നടത്തുകയും ചെയ്‌തു. പക്ഷേ, ലക്ഷ്യം കണ്ടില്ല.

ലത്തീന്‍ വോട്ടുകള്‍ നിര്‍ണായകമായ കൊച്ചി മണ്ഡലത്തില്‍ അടുത്തതവണ രേഖ തോമസ്‌ ഇടതുസ്വതന്ത്രയായി മത്സരിച്ചേക്കും. ഇതുസംബന്ധിച്ച്‌ സി.പി.എം. നേതൃത്വവുമായി കെ.വി. തോമസ്‌ അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്‌. രേഖയെ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്കു മത്സരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും ഗ്രൂപ്പുനേതൃത്വങ്ങള്‍ എതിര്‍ത്തുപരാജയപ്പെടുത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചി മണ്ഡലത്തില്‍ രണ്ടുവട്ടം മത്സരിച്ച കെ.ജെ. മാക്‌സിയുടെ ഊഴം കഴിഞ്ഞാല്‍ മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള ഇടതുനേതാക്കളില്ല. കൊച്ചി മണ്ഡലത്തില്‍ തന്നെയുള്ള വ്യക്‌തിയായിരിക്കണം കൊച്ചി നിയമസഭാ സീറ്റില്‍ മത്സരിക്കേണ്ടതെന്ന ലത്തീന്‍ സഭയുടെ ആഗ്രഹത്തിന്‌ വിരുദ്ധമായി മത്സരിച്ച മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ ദയനീയ പരാജയം കോണ്‍ഗ്രസിന്‌ മുന്നിലുണ്ട്‌. അതേ കാരണത്താല്‍ മണ്ഡലത്തില്‍ സ്‌ഥിരതാമസക്കാരിയായ രേഖ തോമസിനെ ഇടതുക്യാമ്ബിലെത്തിച്ചാല്‍ സി.പി.എമ്മിനു മികച്ച സ്‌ഥാനാര്‍ഥിയാകുമെന്നാണു കണക്കുകൂട്ടല്‍.

കഴിഞ്ഞ ഒരുവര്‍ഷമായി കെ.വി. തോമസ്‌ വിദ്യാധനം ട്രസ്‌റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ രേഖാ തോമസാണു മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്നത്‌. വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ വിതരണത്തിനു മണ്ഡലത്തില്‍ ഉടനീളം അവര്‍ സജീവമാണ്‌. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്ക്‌ ക്ഷണിക്കപ്പെടുന്നതിനു മാസങ്ങള്‍ക്കു മുമ്ബ്‌ തന്നെ കെ.വി. തോമസ്‌ സി.പി.എമ്മിലേക്കു പാലമിട്ടുതുടങ്ങിയതാണ്‌. രണ്ട്‌ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ ഓരോ ലക്ഷം രൂപ വീതം സ്വന്തം നിലയ്‌ക്ക്‌ സംഭാവന നല്‍കിയ ഏക കോണ്‍ഗ്രസുകാരനാണു കെ.വി.തോമസ്‌. രാഷ്‌ട്രീയ മോഹമില്ലാതിരുന്ന രേഖാ തോമസിനെ രാഷ്‌ട്രീയ വഴിയിലേയ്‌ക്ക്‌ കൊണ്ടുവരുന്നതിനുള്ള തോമസിന്റെ ശ്രമം എവിടെയെത്തുമെന്ന ചോദ്യം ബാക്കി നില്‍ക്കുമ്ബോഴും, കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്‌ പിതാവിനു അകമ്ബടിപോയ രേഖ തന്റെ രാഷ്‌ട്രീയ യാത്രയ്‌ക്ക്‌ തുടക്കമിടുകയാണെന്നു കരുതുന്നവര്‍ ഇരുമുന്നണിയിലുമുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക