തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു. പുനസംഘടന സംബന്ധിച്ച വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും. അഞ്ചു ദിവസത്തിനുള്ളില്‍ കെ പി സി സി സെക്രട്ടറിമാര്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്‍്റുമാര്‍ എന്നിവരുടെ പട്ടിക പുറത്തുവിടാനാണ് നിലവിലെ ധാരണ.

കെ പി സി സി പ്രസിഡന്റ് കെ. സുധാകരനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എംഎല്‍എമാരും നേതാക്കളും നടത്തിയ ചര്‍ച്ചയിലാണ് നിലപാട് തിരുത്താന്‍ സുധാകരന്‍ സമ്മതിച്ചത്. ഇപ്പോള്‍ തയ്യാറാക്കിയ കരട് പട്ടികയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന് പ്രസിഡന്‍്റ് സമ്മതിച്ചിട്ടുണ്ട്. നിലവില്‍ തയ്യാറാക്കിയ പട്ടികയിലുള്ള ചിലരെ ഒഴിവാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പട്ടികയിലാണ് കൂടുതല്‍ തര്‍ക്കമുണ്ടായിരുന്നത്. ഇവിടങ്ങളില്‍ ഉള്‍പ്പെടെ പട്ടികയില്‍ ഇടം പിടിച്ച ചിലരെ ചൊല്ലിയാണ് പട്ടിക നീണ്ടത്. കഴിഞ്ഞ കുറച്ചു നാളായി പാര്‍ട്ടിയില്‍ സജീവമല്ലാതിരുന്ന ചിലര്‍പോലും പ്രധാന നേതാക്കളെ വെട്ടി പുനസംഘടനയില്‍ ഇടം പിടിച്ചിരുന്നു.

ഇവരെ ഒഴിവാക്കാന്‍ ധാരണയായിട്ടുണ്ട്. ചിലയിടങ്ങളില്‍ എം പിമാര്‍ നിര്‍ദേശിച്ച ചിലരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തും. ഈ പേരുകള്‍ രണ്ടു ദിവസത്തിനകം കെ പി സി സിക്ക് കൈമാറും.

എല്ലാവരും ഒരുമിച്ച്‌ പോകണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കണമെന്ന് നേതൃത്വം തത്വത്തില്‍ അംഗീകരിച്ചു. തര്‍ക്കങ്ങള്‍ നിലവിലെ ദുര്‍ബലമായ സ്ഥിതിയില്‍ പാര്‍ട്ടിയെ കൂടുതല്‍ തകര്‍ക്കുമെന്ന വിലയിരുത്തല്‍ എല്ലാവര്‍ക്കും ഉണ്ട്. ഗ്രൂപ്പുകളുടെ അവകാശവാദത്തിനും അര്‍ഹമായ പ്രാതിനിധ്യം നല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക