കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതി. സുരേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സുരേഷ് ബോധാവസ്ഥയില്‍ തിരിച്ചെത്തി എന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഇന്നലെ രാത്രി മുതലാണ് അത്ഭുതകരമായ പുരോഗതി ഉണ്ടായത്. സുരേഷ് കണ്ണുതുറന്ന് ഡോക്ടര്‍മാരുമായും ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചുവെന്നും മെഡിക്കല്‍ കോളജ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

അടുത്ത 48 മണിക്കൂര്‍ ഐസിയുവില്‍ തന്നെ തുടരും. ചില രോഗികള്‍ക്ക് വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഇതുകൂടി പരിഗണിച്ചാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ സുരേഷിനെ തുടര്‍ന്നും പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവുമടക്കം ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി മുന്നോട്ടു പോകുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരി 31 തിങ്കളാഴ്ച വൈകിട്ട് 4.15നാണ് സുരേഷിനെ കോട്ടയം കുറിച്ചിയില്‍ വച്ച്‌ മൂര്‍ഖന്‍ പാമ്ബ് കടിച്ചത്. പാമ്ബിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ, വലതുകാലിലെ മുട്ടിനു മുകള്‍ഭാഗത്ത് പാമ്ബ് കടിക്കുകയായിരുന്നു. ഇഴഞ്ഞു പോയ പാമ്ബിനെ പിടിച്ച്‌ സുരേഷ് ചാക്കിലേക്ക് കയറ്റി. തുടര്‍ന്ന് സുരേഷിനെ കാറില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ, നില ഗുരുതരമായതോടെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു.

ആദ്യം തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചാണ് സുരേഷിന് ചികിത്സ നല്‍കിയത്. മൂര്‍ഖന്‍ പാമ്ബിന്റെ വിഷമായതിനാല്‍, വേഗത്തില്‍ തലച്ചോറിലേക്ക് എത്തുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ: ജയകുമാറിന്റെ നേതൃത്വത്തില്‍ ആറംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സുരേഷിനെ ചികിത്സിക്കുന്നത്. വാവയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതു മുതല്‍ ഈ സംഘം കൃത്യമായി തന്നെ കാര്യങ്ങള്‍ വിലയിരുത്തി. മരുന്നുകളും ചികില്‍സാ രീതിയും പലപ്പോഴും മാറ്റി പരീക്ഷിച്ചു. ഇതെല്ലാം വാവയുടെ ശരീരത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കിയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക