തലശേരി: മതവിദ്വേഷ പ്രസംഗം നടത്തി എന്ന പേരും കേസിൽ പ്രതിയാക്കപ്പെട്ട വൈദികനെ സംരക്ഷിക്കാന്‍ ഉറച്ചുനില്‍ക്കുമെന്ന് തലശേരി അതിരൂപത. നിയമസംരക്ഷണം അടക്കം വൈദികന്റെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം ചെയ്യും. മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെയാണ് ഫാ. ആന്റണി തറക്കടവിന്റെ വിവാദമായ പ്രസംഗം ഉണ്ടായത്. ഫാ. ആന്റണി തറക്കടവിനെതിരെ സമൂഹത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഹലാല്‍ ഭക്ഷണം ക്രിസ്ത്യന്‍ വിരുദ്ധമാണെന്നു ഫാ. ആന്റണി നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസംഗം വിവാദമായി മാറിയതോടെ ഇതിനെതിരെ ചില മുസ്ലിം സംഘടനകള്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ പ്രശ്നം വര്‍ഗീയ ധ്രുവീകരണത്തിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് തന്നെ രൂപതാ നേതൃത്വം ഇടപെട്ടു മുസ്ലിം സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഒത്തുതീര്‍പ്പിലെത്തി.

എന്നാല്‍, ഫാ. ആന്റണി തറേക്കടവിലിനെയോ, അച്ചന്‍ നടത്തിയ പ്രഭാഷണത്തില്‍ സത്യവിശ്വാസത്തെയും, ലൗജിഹാദിനെയും, ഹലാല്‍ ഭക്ഷണത്തിലെ അപകടത്തെയും കുറിച്ചുള്ള പ്രസ്താവനകളെ തള്ളിപ്പറയാന്‍ തയ്യാറല്ലെന്ന് തലശേരി അതിരൂപത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചയിലും ഇക്കാര്യം അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കിയതാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ അവാസ്തവവും, ഗൂഢലക്ഷ്യങ്ങളോട് കൂടിയുള്ളതുമാണെന്നും അതിരൂപത അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മതസൗഹാര്‍ദ്ദത്തിന് ഹാനികരമായി വ്യാഖ്യാനിക്കപ്പെടാനും, നിയമനടപടികള്‍ക്ക് വിധേയമാകാനും ചുരുക്കം ചില പ്രസ്താവനകള്‍ അച്ചന്റെ പ്രസംഗത്തിലുണ്ട് എന്ന പൊലീസിന്റെയും നിയമവിദഗ്ധരുടെയും അഭിപ്രായത്തെ മാനിച്ചാണ് അതിരൂപത ചര്‍ച്ചയ്ക്ക് തയ്യാറായത്. സുവിശേഷത്തോടും സഭാദര്‍ശനങ്ങളോടും ഉള്ള പ്രതിബദ്ധതയെ ഭീരുത്വവും കാലുപിടിത്തവുമായി വ്യാഖ്യാനിക്കുന്നവരെ അവഗണിക്കുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച്‌ സഭയ്ക്ക് പ്രവര്‍ത്തിക്കാനാവില്ല.

സമീപകാലത്ത് ക്രൈസ്തവ സമൂഹത്തില്‍ രൂപം കൊണ്ട ചില പ്രസ്ഥാനങ്ങള്‍ സമുദായബോധം വളര്‍ത്താനും, ലൗജിഹാദ് പോലെയുള്ള പ്രതിസന്ധികളെ നേരിടാനും സമുദായത്തെ ശക്തിപ്പെടുന്നു എന്നത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍, അപക്വമായ പ്രചാരണങ്ങളും പ്രസ്താവനകളും വഴി സഭയില്‍ ആന്തരിക ഭിന്നത ഉണ്ടെന്ന ധാരണ പരത്തുന്നത് അവിവേകമാണ്. അത് സഭയുടെ ശത്രുക്കള്‍ക്ക് വിരുന്നൊരുക്കുന്ന നടപടിയാണ്. ഇത്തരം കെണികളില്‍ വീഴാതിരിക്കാന്‍ സഭയുടെ മക്കള്‍ ശ്രദ്ധിക്കണമെന്നും രൂപതയുടെ കുറിപ്പില്‍ പറയുന്നു.

ഈശോമിശിഹായെയും, സഭയുടെ സത്യവിശ്വാസത്തെയും അവഹേളനപരമായി ചിത്രീകരിച്ച്‌ സംസാരിക്കുന്ന ചില ഇസ്ലാമിക നേതാക്കളുടെ പ്രഭാഷണങ്ങളിലെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കെതിരെ ഉഭയകക്ഷി ചര്‍ച്ചയില്‍ ശക്തമായ നിലപാടാണ് അതിരൂപത സ്വീകരിച്ചത്. അതിരൂപതയുടെ നിലപാട് അവര്‍ അംഗീകരിക്കുകയും ചെയ്തു. ഇത്തരം പ്രഭാഷണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാം നാമധാരികളായ ചില തീവ്രവാദികള്‍ നടത്തിയ മതസ്പര്‍ദ്ധ ഉളവാക്കുന്ന പ്രസ്താവനകളുടെ പേരില്‍, ക്രിസ്ത്യന്‍-മുസ്ലിം സമുദായ സംഘര്‍ഷം രൂപപ്പെടാതിരിക്കാനുള്ള വിവേകവും പക്വതയും പ്രകടമാക്കുന്നത് ഭീരുത്വമല്ല. മറിച്ച്‌ നാടിന്റെ മതേതരത്വം കാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. ഇതര മതങ്ങളെ അനാദരിക്കുന്നത് ക്രൈസ്തവമല്ല, കത്തോലിക്ക സഭയുടെ നിലപാടുമല്ല. എന്നാല്‍, ഫാ.ആന്റണി തറേക്കടവില്‍ ഉയര്‍ത്തിയ ധാര്‍മികവും സാമൂഹികവുമായ വിഷയങ്ങള്‍ സഭയുടെയും ആകുലതയാണ്. അതിന് അച്ചന് പൂര്‍ണ പിന്തുണ അതിരൂപത നല്‍കുന്നുണ്ട്.

ഫാ ആന്റണി തറേക്കടവിലിനെ മറയാക്കി കലാപമോ, രക്തസാക്ഷികളെയോ സൃഷ്ടിക്കാന്‍ താല്‍പര്യം ഉള്ളവരുടെ കെണിയില്‍ വീഴാന്‍ അതിരൂപത തയ്യാറല്ല. ആരുടെയെങ്കിലും, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വൈദികനെ ജയിലില്‍ അയയ്ക്കുവാന്‍ അതിരൂപതയ്ക്ക് താല്‍പര്യമില്ല. ഈ വിഷയത്തില്‍ എല്ലാ തീരുമാനങ്ങളും ഫാ.ആന്റണി തറേക്കടവിലിന്റെ അറിവോടെയാണ് എടുത്തിട്ടുള്ളതെന്നും നിയമപരമായ സംരക്ഷണം അച്ചന് നല്‍കുമെന്നും തലശേരി അതിരൂപത അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കി.

ഇരിട്ടി കുന്നോത്ത് സെമിനാരിയില്‍ മതപഠനം നടത്തുന്നവര്‍ക്ക് ക്ലാസ് എടുക്കുന്ന അദ്ധ്യാപകനാണ് ഫാ. ആന്റണി തറക്കടവില്‍.എസ്.കെ. എസ്. എസ്. എഫ് ഇരിട്ടി ശാഖാകമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹലാല്‍ അടക്കമുള്ള വിഷയങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരെയും പ്രവാചകനായ മുഹമ്മദ് നബിക്കെതിരെയും മോശമായി പ്രസംഗിച്ചുവെന്നുവാണ് പരാതി.

ഇതിനിടെയാണ് ആരോപണവിധേയനായ വൈദികനെ തള്ളി പറഞ്ഞുകൊണ്ടു കത്തോലിക്ക സഭരംഗത്തു വന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതാണ് തലശേരി രൂപത ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ഇസ്ലാം മതത്തിനെതിരായ പരാമര്‍ശം സഭയുടെയോ രൂപതയുടെയോ നിലപാടെല്ലെന്നും മതസൗഹാദ്ദത്തെ തകര്‍ക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശേരി രൂപത ചാന്‍സലര്‍ ഫാദര്‍ തോമസ് തെങ്ങുമ്ബള്ളില്‍ നേരത്തെ അറിയിച്ചിരുന്നു.

അതേ സമയം പരസ്പര ബഹുമാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും ഇരുമതങ്ങളും പ്രവര്‍ത്തിക്കണമെന്നും ഇത്തരം വിഷയങ്ങള്‍ തുടര്‍ന്ന് ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കണമെന്നും സുന്നി യുവജനസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായി സഭാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.

പള്ളി തിരുന്നാളിനോടനുബന്ധിച്ച്‌ നടന്ന പ്രഭാഷണത്തില്‍ ഹലാല്‍ വിശദീകരണത്തിനിടെയാണ് വൈദികന്‍ ചില വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പുറമേ ഹലാല്‍ ഭക്ഷണം ക്രിസ്ത്യന്‍ വിരുദ്ധമാണെന്നുമൊക്കെ ഫാ. ആന്റണി നടത്തിയ പ്രഭാഷണത്തില്‍ ഉണ്ടായിരുന്നു.

ഈ പ്രസംഗം വിവാദമായതോടെ മുസ്ലിംലീഗ്, എസ്വൈഎസ്, എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രശ്നം കൂടുതല്‍ വര്‍ഗീയ ധ്രുവീകരണത്തിലേയ്ക്ക് പോകുന്നതിന് മുമ്ബ് രൂപതാ നേതൃത്വം ഇടപെടുകയും രൂപത ചാന്‍സലര്‍ ഫാ. തോമസ് തെങ്ങുംപ്പള്ളി മുസ്ലിം സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ‘ഫാ. ആന്റണിയുടെ വാക്കുകള്‍ സഭയുടെ ഔദ്യോഗിക അഭിപ്രായമല്ല എന്ന പ്രസ്താവന നല്‍കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക