തിരുവനന്തപുരം: യുഎസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച (ജനുവരി 29) മടങ്ങിയെത്തില്ല. ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദുബായ് വഴിയാണ് മടക്കയാത്ര.ദുബായ് എക്സ്പോയില്‍ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. താൻ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യാഴാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നു. ഈ മാസം 14ന് പുലർച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്.

നാഥനില്ലാ കളരി:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയിൽ ഏറ്റവുമധികം പ്രതിദിന രോഗികളും, മറ്റ് സംസ്ഥാനങ്ങളേക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി ചികിത്സാർത്ഥം യുഎസിലേക്ക് പോയപ്പോൾ ആർക്കും ചുമതലകൾ കൈമാറിയിട്ടില്ല. ഓൺലൈനിലൂടെ യാണ് അദ്ദേഹം ഭരണനിർവ്വഹണം നടത്തുന്നത്. എന്നാൽ കോവിഡ് മൂന്നാം തരംഗത്തിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് ഫലപ്രദമായ രീതിയിൽ യാതൊരുവിധ ആശ്വാസനടപടികൾ എത്തിക്കാൻ സർക്കാരിനാകില്ല.

ആരോഗ്യ പ്രവർത്തകർക്കിടയിൽ വലിയ രീതിയിലുള്ള രോഗവ്യാപനം ആണ് ഉണ്ടാകുന്നത്. മറ്റു ഗുരുതര രോഗമുള്ളവരുടെ ചികിത്സ സംവിധാനങ്ങൾ പോലും തടസ്സപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ പോലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ശക്തമായ തീരുമാനങ്ങൾ എടുക്കാൻ പോലും സാധിക്കാതെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നിസ്സഹായരാണ്. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസുകളിലും ഉൾപ്പെടെ കോവിഡ് പടർന്നു പിടിക്കുമ്പോഴും നിസ്സംഗതയാണ് സർക്കാർ പാലിക്കുന്നത് എന്ന ആരോപണം വിവിധ കോണുകളിൽനിന്ന് ശക്തമാകുകയാണ്.

പാർട്ടി സമ്മേളനങ്ങളും ദുബായ് എക്സ്പോയും മുഖ്യന് മുഖ്യം:

തിരുവനന്തപുരത്തെ കൂട്ട തിരുവാതിരയും, ഹൈക്കോടതി ഇടപെടലിൽ കാസർഗോഡ് ജില്ലാ സമ്മേളനം നിർത്തിവെക്കേണ്ടിവന്നതും, തൃശ്ശൂർ ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയതും, ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചതും എല്ലാം ജനവികാരം എതിരായപ്പോഴാണ്. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടി കുറയ്ക്കുന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള കേസ് പരിഗണിക്കുന്നതിനാൽ ആണെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉയർത്തുന്നുണ്ട്. ഇതിനെല്ലാം പുറമേയാണ് കേരളം മഹാമാരിയുടെ മൂന്നാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ദുബായ് എക്സ്പോയിൽ കേരള പവലിയൻ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി മടക്കയാത്ര നീട്ടുന്നത്. ഈ വിഷയം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കും എന്ന് ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക