പരസ്പര സമ്മതത്തോടെ ദീര്‍ഘകാലം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്ക്കോടതി വിധി റദ്ദാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

വിവാഹം കഴിക്കാതെ മൂന്ന് വര്‍ഷമായി ശാരീരിക ബന്ധമുണ്ടായിരുന്നെങ്കിലും പിന്നീട് ബന്ധത്തിന്റെ ഒരു ഘട്ടത്തില്‍ പാല്‍ഘര്‍ സ്വദേശിയായ കാശിനാഥ് ഘരത് തന്നെ വിട്ട് പോകുകയും വഞ്ചിച്ചതായുമാണ് ഇരയുടെ ആരോപണം. ബലാത്സംഗത്തിനും വഞ്ചനയ്ക്കും എതിരെയുള്ള 376, 417 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 1999 ഫെബ്രുവരിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി, വഞ്ചനയ്ക്ക് കാശിനാഥിനെ ശിക്ഷിച്ചെങ്കിലും ബലാത്സംഗ കുറ്റത്തില്‍ നിന്ന് ഇയാളെ വെറുതെ വിട്ടിരുന്നു. പ്രതി ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വിധിക്കെതിരെ കാശിനാഥ് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ വഞ്ചിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനുജ പ്രഭുദേശായി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ജഡ്ജി പറഞ്ഞു.

കേസിലെ പ്രതികള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയോ വഞ്ചിച്ചോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താനായില്ലെന്ന് തെളിവുകള്‍ പരിശോധിച്ച്‌ സാക്ഷികളും വാദങ്ങളും കേട്ട ശേഷം ഹൈക്കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്രയും നാളത്തെ ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരം കേസുകളില്‍ പ്രതി യുവതിയെ പ്രലോഭിപ്പിച്ചോ വിവാഹ വാഗ്ദാനം നല്‍കിയോ ആണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് തെളിയിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. പ്രലോഭിപ്പിച്ചോ വാഗ്ദാനങ്ങള്‍ നല്‍കിയോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് പാലിക്കാതിരിക്കുകയും ചെയ്താല്‍ അത് വഞ്ചനയായി കണക്കാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ബലാത്സംഗക്കേസിലെ ഇരയുടെ വാദങ്ങള്‍ തള്ളി പ്രതിക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും പ്രതി, വര്‍ഷങ്ങളോളം തന്നെ നിര്‍ബന്ധിത ശാരീരിക ബന്ധത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയില്‍ ആരോപിച്ചിരുന്നത്. 2016 മുതല്‍ 2019 വരെ ഇത്തരത്തില്‍ ശാരീരിക ബന്ധം തുടര്‍ന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയാണ് ഇരയായ സ്ത്രീയുടെ പല വാദങ്ങള്‍ക്കും കോടതി മറുവാദം ഉന്നയിച്ചത്. പ്രതി തന്നെ തടവിലാക്കിയിരിന്നുവെന്നും ആ സമയത്ത് ബലപ്രയോഗത്തിലൂടെ അയാളുടെ പേര് തന്‍റെ കയ്യില്‍ ടാറ്റൂ ചെയ്തിരുന്നുവെന്നും യുവതി തെളിവായി കാട്ടിയിരുന്നു. എന്നാല്‍ ‘മറുഭാഗത്തു നിന്നും പ്രതിരോധം ഉണ്ടെങ്കില്‍ ടാറ്റു ചെയ്യുന്നത് അത്ര എളുപ്പമല്ല’എന്നായിരുന്നു കോടതി നിരീക്ഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക