കപടവാഗ്ദാനങ്ങള്‍ നല്‍കിയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയും ഏഴ് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വിശപ്പ് രഹിത കേരളം പദ്ധതിക്ക് സംഭവിച്ചിരിക്കുന്ന ദുര്‍ഗതി. ആരേയും പട്ടിണിക്കിടാന്‍ അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ട് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ ആരംഭിച്ച ഈ പദ്ധതിക്കുകീഴില്‍ സര്‍ക്കാരിന്റെ വാക്കുവിശ്വസിച്ച്‌ ഹോട്ടല്‍ നടത്തിയ കുടുംബശ്രീ വനിതകള്‍ ക്രൂരമായി വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. മുപ്പതുകോടി രൂപയാണ് ഇവര്‍ക്ക് കുടിശികയിനത്തില്‍ സര്‍ക്കാര്‍ കൊടുക്കാനുള്ളത്.

ബാങ്കുകളില്‍നിന്ന് വായ്പയെടുത്തും മറ്റുള്ളവരില്‍നിന്ന് കടം വാങ്ങിയും ആകെയുണ്ടായിരുന്ന ആഭരണം വിറ്റുമൊക്കെ നടത്തിക്കൊണ്ടുപോയിരുന്ന ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. സബ്‌സിഡിയായി ലഭിക്കാനുള്ള കുടിശികയ്‌ക്കുവേണ്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും, ആവലാതിയും പരാതിയുമൊക്കെ ബോധിപ്പിച്ചിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ നടത്തിപ്പുകാരായ കുടുംബശ്രീ വനിതകള്‍ക്ക് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തേണ്ടി വന്നു. അനാവശ്യമായി കോടിക്കണക്കിന് രൂപ ചെലവഴിച്ച്‌ ധൂര്‍ത്തിന്റെ പര്യായമായി മാറിയ കേരളീയം പരിപാടിയുടെ മഹത്വം ഘോഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റില്‍ വാര്‍ത്താ സമ്മേളനം നടത്തുമ്ബോഴാണ് വഞ്ചിക്കപ്പെട്ട ഒരുപറ്റം വനിതകള്‍ പുറത്ത് തങ്ങള്‍ക്ക് ന്യായമായും ലഭിക്കേണ്ട പണത്തിനുവേണ്ടി വിലപിക്കേണ്ടി വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തെത്തി സമരം ചെയ്യേണ്ടിവന്ന ഈ സ്ത്രീകളുടെ ദുര്യോഗം ആര്‍ക്കും ഊഹിക്കുന്നതേയുള്ളൂ. പക്ഷേ പിണറായി സര്‍ക്കാരിന് അത് മനസ്സിലാവണമെന്നില്ല. സംഭവത്തോട് പ്രതികരിക്കാന്‍പോലും മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ തയ്യാറായില്ല.ആവശ്യക്കാര്‍ക്ക് ദിവസംതോറും 20 രൂപാ നിരക്കില്‍ ജനകീയ ഹോട്ടലില്‍നിന്ന് ഉച്ചയൂണ് നല്‍കുമെന്നും, മറ്റ് സ്‌പെഷ്യല്‍ വിഭവങ്ങള്‍ ലഭിക്കുന്നതിനൊപ്പം ഓരോ ഊണിനും നടത്തിപ്പുകാര്‍ക്ക് അഞ്ച് രൂപ സബ്‌സിഡിയായി സര്‍ക്കാര്‍ അനുവദിക്കുമെന്നുമായിരുന്നു വാഗ്ദാനം. സംസ്ഥാനത്തെ പട്ടിണി പൂര്‍ണമായി തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായി കോഴിക്കോട് നഗരത്തില്‍ ആരംഭിച്ച വിശപ്പ് രഹിത കേരളം പദ്ധതി പിന്നീട് മലപ്പുറം, കൊല്ലം, തിരുവനന്തപുരം മുതലായ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

നഗരത്തിലെ ഓരോ ആളും ഒരു ദിവസം രണ്ട് നേരമെങ്കിലും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആര്‍ക്കുവേണമെങ്കിലും പദ്ധതിയുടെ ഭാഗമാവാന്‍ കഴിയുമായിരുന്നു. ഇങ്ങനെയാണ് കുടുംബശ്രീ വനിതകള്‍ പലയിടങ്ങളിലും ഇതിന് മുന്‍കയ്യെടുത്തതും, സ്വന്തം നിലയ്‌ക്ക് ഹോട്ടലുകള്‍ നടത്തിക്കൊണ്ടുപോയതും. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സൗജന്യ ഭക്ഷണം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിതെന്ന് അന്നത്തെ ഭക്ഷ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തതാണ്. സ്ഥിരവരുമാനം ലഭിക്കുമെന്നതായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ഇതിലെ മുഖ്യ ആകര്‍ഷണം. ഹോട്ടല്‍ നടത്തിപ്പിനാവശ്യമായ സ്ഥലം അല്ലെങ്കില്‍ വാടക, വൈദ്യുതി, വെള്ളം എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗജന്യനിരക്കില്‍ ലഭ്യമാക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. നഗരസഭാതലത്തിലും ഗ്രാമതലത്തിലും ബ്ലോക്കുതലത്തിലും നിശ്ചിത തുക ഗ്രാന്റായും ലഭിക്കുമായിരുന്നു.

പക്ഷേ എല്ലാം ഇപ്പോള്‍ അവതാളത്തിലായിരിക്കുകയാണ്. ഭക്ഷണത്തിന് നിലവാരമില്ലെന്ന പരാതി പലകോണുകളില്‍നിന്നും ഉയരുന്നുണ്ട്. എങ്കിലും സൗജന്യനിരക്കില്‍ അത് ലഭിക്കുന്നതുതന്നെ വലിയ ഉപകാരമായാണ് ആവശ്യക്കാര്‍ കരുതുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലയ്‌ക്ക് ഇതിന് അധികനാള്‍ മുന്നോട്ടുപോകാന്‍ കഴിയുമെന്നു തോന്നുന്നില്ല.സര്‍വസാധനങ്ങള്‍ക്കും വില കൂടിയ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ച സൗജന്യനിരക്കില്‍ ഊണു നല്‍കുക എന്നത് അസാധ്യമായ കാര്യമാണ്. ഇതിന്റെ കുറ്റവും ഏറ്റെടുക്കേണ്ടത് സാധനവില നിയന്ത്രിക്കാന്‍ യാതൊരു നടപടിയുമെടുക്കാത്ത സര്‍ക്കാരാണ്. ഇതൊന്നും തങ്ങള്‍ ചെയ്യേണ്ട കാര്യമല്ല എന്ന ഭാവമാണ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ളത്.

നടത്തിപ്പ് പ്രതിസന്ധിയിലായതോടെ മൂന്നിലൊന്നോളം ജനകീയ ഹോട്ടലുകള്‍ പൂട്ടി. സബ്‌സിഡിയിനത്തില്‍ ലഭിക്കാനുള്ള തുക ലഭിച്ചാല്‍ എങ്ങനെയെങ്കിലും മുന്നോട്ടുപോകാമെന്ന വിശ്വാസമാണ് നിലവിലെ ഹോട്ടലുകള്‍ക്കുള്ളത്. എന്നിട്ടും സര്‍ക്കാര്‍ കണ്ണു തുറക്കുന്നില്ല. വിവിധ ജില്ലകളിലായി ആയിരത്തിലേറെ ഹോട്ടലുകള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലുള്ള കുടിശിക നല്‍കാനുണ്ട്. കേരളീയത്തില്‍ പങ്കെടുത്ത കുടുംബശ്രീക്ക് ഒന്നരകോടിയോളം രൂപ വിറ്റുവരവ് ലഭിച്ചെന്നാണ് പറയുന്നത്. എന്നിട്ടും വിശക്കുന്ന വയറിന് ഭക്ഷണം നല്‍കിയതിന്റെ തുകനല്‍കാത്ത സര്‍ക്കാരിന്റെ നടപടി അപലപനീയമാണ്. ഉറങ്ങിക്കിടന്നവനെ വിളിച്ചുണര്‍ത്തി ഊണില്ലെന്നു പറയുന്നതുപോലെയാണ് ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരായ കുടുംബശ്രീ വനിതകളോട് സര്‍ക്കാര്‍ പെരുമാറുന്നത്.

ഒരുനേരത്തെ വിശപ്പ് മാറ്റാന്‍ വകയില്ലാത്ത പാവങ്ങളോടുള്ള ക്രൂരതയുമാണിത്. ഇങ്ങനെയുള്ള ജനദ്രോഹം പ്രവര്‍ത്തിക്കുന്നവരാണ് അതിദരിദ്രരെ ഇല്ലാതാക്കാനുള്ള പദ്ധതിയുമായി വരുന്നത്! ഒരുതരത്തിലുള്ള ആത്മാര്‍ത്ഥതയും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിനില്ല എന്നതാണ് വാസ്തവം. എന്തുകാര്യത്തിലും അഴിമതിയുടെ സാധ്യത തേടി നടക്കുന്ന ഒരു ഭരണകൂടത്തിന് ഇതിനൊക്കെ എവിടുന്നു നേരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക