കൊച്ചി: ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങീ സിനിമകളില്‍ മോഹൻലാലിന്റെ നായികയായി അഭിനയിച്ച നടി സാഷാ സെല്‍വരാജ് എന്ന രഞ്ജിനിയും ഭര്‍ത്താവും ജപ്തി നടപടികള്‍ നേരിട്ടു കൊണ്ടിരുന്ന ഫ്ളാറ്റ് പണയത്തിന് നല്‍കി വഞ്ചിച്ചെന്ന് പരാതി. എറണാകുളം സെൻട്രല്‍ പൊലീസില്‍ ഇതു സംബന്ധിച്ച്‌ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നില്ല എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എറണാകുളം സ്വദേശിനിയായ സുരഭി നിക്കോളാസിനെയാണ് രഞ്ജിനിയും ഭര്‍ത്താവ് പിയറും ജപ്തി നടപടികള്‍ മറച്ചു വച്ചു കൊണ്ട് 20 ലക്ഷം രൂപയ്ക്ക് ഫ്ളാറ്റ് പണയത്തിന് നല്‍കിയത്. താമസം തുടങ്ങി രണ്ടാം മാസം ബാങ്ക് അധികൃതരെത്തി ജപ്തി നോട്ടീസ് പതിപ്പിക്കുകയും പിന്നീട് ഇവരെ ഇറക്കി വിടുകയും ചെയ്തു. പണം തിരികെ ചോദിച്ചപ്പോള്‍ ജപ്തി നടപടികള്‍ നേരിടുന്ന ഫ്ളാറ്റ് വില്‍പ്പന നടത്തി പണം തിരികെ നല്‍കാമെന്നായിരുന്നു മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പണം കിട്ടാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെങ്കിലും മറ്റ് നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചില്ല എന്ന് സുരഭി പറയുന്നു. മറൈൻ ഡ്രൈവിലുള്ള അലൈൻസ് റെസിഡൻസ് ഫ്ളാറ്റ് സമുച്ചയത്തിലെ 9ഡി ഫ്ളാറ്റാണ് ബാങ്ക് ലോണ്‍ ബാധ്യത മറച്ചു വച്ചു കൊണ്ട് സുരഭിക്ക് രഞ്ജിനിയും ഭര്‍ത്താവ് പിയറും പണയത്തിന് നല്‍കിയത്. 11 മാസത്തേക്ക് 20 ലക്ഷം രൂപയാണ് ഇവര്‍ വാങ്ങിയെടുത്തത്.

സുരഭിയും കുടുംബവും ഇവിടെ താമസിച്ച്‌ വരുന്നതിനിടെയാണ് ജനുവരിയില്‍ ബാങ്ക് ജപ്തി നടപടികള്‍ സ്വകരിച്ചത്. ഇതോടെ മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറുകയായിരുന്നു. പണയത്തിനായി നല്‍കിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചെങ്കിലും രഞ്ജിനിയും ഭര്‍ത്താവും പണം കയ്യിലില്ലെന്നും ജപ്തിയിലായ ഫ്ളാറ്റ് വിറ്റ് പണം നല്‍കാമെന്ന വിചിത്ര മറുപടിയാണ് നല്‍കിയത്. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. പണം നല്‍കി 11 മാസം കഴിയും മുൻപേ ഫ്ളാറ്റില്‍നിന്നും ഇറങ്ങിയ പരാതിക്കാരിക്ക് എഗ്രിമെന്റ് കാലാവധിയായ 11 മാസം കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയിട്ടില്ല.

പൊലീസിന്റെ ഭാഗത്ത് നിന്നും നീതിപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവാതിരുന്നതോടെയാണ് രഞ്ജിനിയും ഭര്‍ത്താവും തന്നെ ചതിച്ച വിവരം മാധ്യമങ്ങളുടെ മുന്നില്‍ അറിയിക്കാൻ ഇടയായത്. പണം തിരികെ കിട്ടാത്ത പക്ഷം രഞ്ജിനി താമസിക്കുന്ന പനമ്ബള്ളി നഗറിലെ ഫ്ളാറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്താനുള്ള തീരുമാനത്തിലാണെന്ന് സുരഭി നിക്കോളാസ് മറുനാടനോട് പറഞ്ഞു.അതേ സമയം ഫ്ളാറ്റ് വില്‍പ്പന നടക്കാത്തതാണ് പണം തിരികെ നല്‍കാൻ കഴിയാത്തതെന്നാണ് രഞ്ജിനിയുടെ പ്രതികരണം. വില്‍പ്പന നടന്നാല്‍ ഉടൻ തന്നെ പണം തിരികെ നല്‍കുമെന്നും അവര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക