പാലാ ആധുനിക പാലായുടെ ശില്‌പികളില്‍ പ്രമുഖനും കേരളത്തിലെ പ്രശസ്‌തനായ മദ്യവ്യവസായിയും പ്‌ളാന്ററുമായിരുന്ന ജോസഫ്‌ മൈക്കിളെന്ന മണര്‍കാട്ട്‌ പാപ്പന്റെ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ 25 വയസ്‌.1996 ഡിസംബര്‍ 9നാണ്‌ അദ്ദേഹം ഈ ലോകം വിട്ടുപിരിഞ്ഞത്‌. മദ്യം കൈകൊണ്ടുതൊടാത്ത ഈ മദ്യവ്യവസായി ലാഭം മാത്രം ലക്ഷ്യമിടാതെ സാമൂഹിക പുരോഗതി കൂടി ഉന്നമിട്ട്‌ സമൂഹത്തിനായികൂടി പ്രവര്‍ത്തിച്ച വിശിഷ്‌ട വ്യക്‌തത്വമായിരുന്നു എന്നതാണ്‌ അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കുന്നത്‌.

ആദ്യകാല സാമൂഹിക പ്രവര്‍ത്തകനും മദ്യവ്യവസായിയുമായിരുന്ന മണര്‍കാട്‌ എം.എം ജോസഫ്‌(കുഞ്ഞിപാപ്പന്‍)- അന്നമ്മ ദമ്ബതികളുടെ മൂത്തപുത്രനായ ജോസഫ്‌ മൈക്കിളെന്ന മണര്‍കാട്ട്‌ പാപ്പന്‍ അബ്‌കാരി രംഗത്തേക്ക്‌ സജീവമായി കടന്ന്‌ വരുന്നത്‌ പിതാവിന്റെ മരണ ശേഷമായിരുന്നു.
എം.എം.ജെ എന്ന കേരളത്തിലെ വന്‍കിടമദ്യ വ്യവസായ ഗ്രൂപ്പായി മാറ്റാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഒരുകാലത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ നല്‍കിയ സ്‌ഥാപനവും എം.എം.ജെ ഗ്രൂപ്പായിരുന്നു.14,0000 ത്തിലധികം തൊഴിലാളികളുടെ ആശ്രയമായി അത്‌ വളരുകയും കുടുംബങ്ങള്‍ക്ക്‌ തണലേകുകയും ചെയ്‌തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹോദരന്മാരായ ജോസഫ്‌ മാത്യു(കുട്ടിച്ചന്‍),ജോസഫ്‌ ജോസഫ്‌(ബാബു) എന്നിവരെ ഒപ്പം ചേര്‍ത്ത്‌ മദ്യവ്യവസായ സാമ്രാജ്യം വിപുലീകരിച്ചപ്പോള്‍ അത്‌ കേരളവും കടന്ന്‌ കര്‍ണ്ണാടകയും തമിഴ്‌നാടും ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളിലുമായി വളരുകയായിരുന്നു. മദ്യവ്യവസായത്തോടൊപ്പം പാപ്പന്റെ നേതൃത്വത്തില്‍ പ്‌ളാന്റേഷന്‍ രംഗത്തേക്കും കടന്നതോടെ കേരളീയര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട തേയിലയുടെയും ഉദയമായി. മൈക്കിള്‍സ്‌ ടീ എന്ന തേയിലയും ബ്രാന്‍ഡ്‌ നെയിമും കേരളം നെഞ്ചോട്‌ ചേര്‍ക്കുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌.ആകാശവാണിയിലെ മൈക്കിള്‍സ്‌ ടീ യുടെ പരസ്യവും ഏറെ പ്രസിദ്ധമായതിനൊപ്പം ഈ തേയിലയും കേരളീയര്‍ക്ക്‌ ഒഴിച്ചുകൂടാനാവാത്തതായി മാറി.

തികഞ്ഞ കായിക പ്രേമികൂടിയായിരുന്ന മണര്‍കാട്ട്‌ പാപ്പന്‍ കായിക മേഖലയ്‌ക്ക്‌ നല്‍കിയ വിലപ്പെട്ട സംഭാവനകളും കായിക കേരളം മറക്കില്ല. 1975-ല്‍ പാലായില്‍ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ്‌ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന്‌ 1976-ല്‍ ദേശീയ കായിക മേളയ്‌ക്ക്‌ പാലാ വേദിയായതും ജോസഫ്‌ മൈക്കിളെന്ന കായികപ്രേമിയുടെ പ്രത്യേക താത്‌പര്യം ഒന്നുകൊണ്ടുമാത്രം.1976-ല്‍ പാലായില്‍ നടന്ന ലക്ഷം പുഷ്‌പമേളയുടെ ചുക്കാന്‍ പിടിച്ചിരുന്നത്‌ ജോസഫ്‌ മൈക്കളായിരുന്നു.

പാലാക്കാരും അടുപ്പമുള്ളവരും സ്‌നേഹത്തോടെ പാപ്പന്‍ചേട്ടന്‍ എന്ന്‌ വിളിക്കുന്ന ജോസഫ്‌ മൈക്കിളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിഴലായും തുണയായും പരിഭവലേശമില്ലാതെ ചെറുപുഞ്ചിരിയോടെ ഭാര്യ ചിന്നമ്മയും എന്നുമുണ്ടായിരുന്നു. 1978 മുതല്‍ 1986 വരെ കെ.പി.സി.സി മെമ്ബറാ യിരുന്നു.കെ.പി.സി.സി ട്രഷററായും പ്രവര്‍ത്തിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ജോസഫ്‌ മൈക്കിള്‍ ഒട്ടേറെ സാധുക്കള്‍ക്ക്‌ ഉന്നത പഠനത്തിന്‌ കൈയയച്ച്‌ സഹായം നല്‍കിയിട്ടുണ്ട്‌. അത്‌കൊണ്ട്‌ തന്നെ സമൂഹത്തിന്റെ താഴേത്തട്ടില്‍ നില്‍ക്കുന്നവര്‍ ഏറെ ദു:ഖത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗമറിഞ്ഞതും മരണാനന്തരചടങ്ങുകളില്‍ പങ്കെടുത്തതും. 1971-മുതല്‍ വര്‍ഷങ്ങളായി തന്റെ വീട്ടില്‍ സാധുക്കള്‍ക്ക്‌ രണ്ട്‌നേരം മുടങ്ങാതെ അന്നദാനം നടത്തിവന്നിരുന്ന അദ്ദേഹം തുടര്‍ന്ന ആ പാത ഇപ്പോഴും പിന്‍തലമുറ തുടരുന്നുവെന്നതും അദ്ദേഹത്തോടുള്ള ആദരവിന്റെയും സമൂഹത്തോടുള്ള കരുതലിന്റെയും ഭാഗമായി വേണം കാണാന്‍. പാപ്പന്റെ ഇളയമകന്‍ കുഞ്ഞാണ്‌ പിതാവിന്റെ മരണശേഷം 23 വര്‍ഷമായി മഹത്തായ ആ അന്നദാനം തുടര്‍ന്നുവരുന്നത്‌. കോവിഡ്‌മൂലം കഴിഞ്ഞ രണ്ട്‌ വര്‍ഷമായി അന്നദാനം നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യംസംജാതമായതില്‍ ദു:ഖമുണ്ടെങ്കിലും പ്രതിസന്ധിമാറിയാല്‍ അത്‌ നിര്‍ബാധം തുടരാനാണ്‌ കുഞ്ഞിന്റെ തീരുമാനം.

കക്ഷി ഭേദമന്യേ സംസ്‌ഥാന ദേശീയ കക്ഷി നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ജോസഫ്‌മൈക്കിള്‍ 1980-ല്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി പീരുമേട്‌ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.1984-ല്‍ ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ സ്വതന്ത്രസ്‌ഥാനാര്‍ഥിയായും മത്സരിച്ചു.1958 മുതല്‍ 1964 വരെ പാലാ മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്നു.പാലാ കത്തീഡ്രല്‍ പളളി ട്രസ്‌റ്റിയായും പ്രവര്‍ത്തിച്ചു.പഴയകാല സിനിമാ പ്രവര്‍ത്തകരുടെ ഏറെപ്രിയപ്പെട്ട താമസസ്‌ഥലമായി പ്രസിദ്ധി നേടിയ കോഴിക്കോട്‌ മഹാറാണി, പാലാ മഹാറാണി ഹോട്ടലുകളുടേയും പാലാ മഹാറാണി,യുവറാണി തീയേറ്റര്‍ സമുച്ചയത്തിന്റെയും സ്‌ഥാപകനും ജോസഫ്‌ മൈക്കിളെന്ന മണര്‍കാട്ട്‌ പാപ്പനാണ്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക