തൃശൂര്‍; സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ജീവനെടുത്ത കുണൂര്‍ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ മലയാളിയും. തൃശ്ശൂര്‍ പുത്തൂരിനടുത്തുള്ള പൊന്നൂക്കര മൈമ്ബിള്ളി ക്ഷേത്രത്തിനു സമീപം അറയ്ക്കല്‍ വീട്ടില്‍ പ്രദീപാണ് (37) മരിച്ചത്. ഹെലികോപ്റ്ററില്‍ ഫ്ലൈറ്റ് ഗണ്ണര്‍ ആയിരുന്നു സേനയില്‍ വാറണ്ട് ഓഫീസറായിരുന്ന പ്രദീപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു.

നാട്ടില്‍ നിന്ന് മടങ്ങിയത് നാലു ദിവസം മുന്‍പ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബത്തോടൊപ്പം കോയന്പത്തൂരിനടുത്തുള്ള സൂലൂര്‍ വായുസേനാ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. കുറച്ചുദിവസം മുമ്ബ് മകന്റെ ജന്മദിനവും അച്ഛന്‍ രാധാകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. മകന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് നാലുദിവസം മുമ്ബാണ് മടങ്ങിയത്.

പ്രളയകാലത്ത് കേരളത്തിന് താങ്ങായി

പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയശേഷം 2002-ലാണ് വായുസേനയില്‍ ചേര്‍ന്നത്. വെപ്പണ്‍ ഫിറ്റര്‍ ആയാണ് ആദ്യനിയമനം. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി അനേകം സേനാ മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018-ല്‍ കേരളത്തിലെ പ്രളയസമയത്ത് കോയമ്ബത്തൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹസേവനം കാഴ്ചവെച്ചു. ഭാര്യ: ശ്രീലക്ഷ്മി. മക്കള്‍: ദക്ഷിണ്‍ദേവ്, ദേവപ്രയാഗ, അമ്മ: കുമാരി.

ബിപിന്‍ റാവത്തിന്റെ സംസ്കാരം നാളെ

ഇന്നലെ കുനൂരിലുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേരാണ് മരിച്ചത്. ബിപിന്‍ റാവത്തിന്റെ സംസ്കാരം നാളെ നടക്കും. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്‍റെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാര്‍ലമെന്‍റില്‍ വിശദമായ പ്രസ്താവന നടത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിക്കുക. വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ രാവിലെ 11 മണി മുതല്‍ 2 മണി വരെ പൊതുദര്‍ശനത്തിന് വെക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക