CrimeFlashKeralaNews

നിയമ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം: ആലുവ സിഐയെ ചുമതലയിൽനിന്ന് മാറ്റിയില്ല; സ്റ്റേഷനു മുമ്പിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി അൻവർ സാദത്ത് എംഎൽഎ.

കൊച്ചി: ആലുവ എടയപ്പുറത്ത് നിയമവിദ്യാര്‍ത്ഥിനി യുവതി ജീവനൊടുക്കിയ സംഭവത്തില്‍, ആരോപണ വിധേയനായ ആലുവ സിഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പ്രതിഷേധം. സ്റ്റേഷന് മുന്നില്‍ എംഎല്‍എ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്റ്റേഷന്‍ ചുമതലയില്‍ നിന്നും സിഐ സുധീറിനെ മാറ്റിയിട്ടില്ല. സിഐക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടിയെടുക്കണമെന്നും കേസെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

സിഐ സുധീര്‍ ഇന്നലെ രാത്രിയും സ്റ്റേഷനിലെത്തിയിരുന്നു. സിഐ രാവിലെ ഡ്യൂട്ടിക്കെത്തിയെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സിഐക്കെതിരെ മനഃപൂര്‍വല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണം. സിഐക്കെതിരെ നടപടി എടുക്കുന്നതു വരെ സ്റ്റേഷനുമുന്നില്‍ കുത്തിയിരിക്കുമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. ബെന്നി ബെഹനാന്‍ എംപിയും കുത്തിയിരിപ്പ് സമരത്തിന് പിന്തുണയുമായി സ്റ്റേഷനിലെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതുവരെ സമരമെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെതിരെയും മരിച്ച മോഫിയയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുക്കണം. നാളെ മറ്റൊരു യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയാല്‍ ഈ തരത്തിലൊരു സമീപനമുണ്ടാകരുത്. സ്ത്രീമുന്നേറ്റത്തിനായി നവോത്ഥാന മതില്‍ പണിത ഇടതുപക്ഷം എന്തേ മിണ്ടാത്തത്?. ഇതാണോ നവോത്ഥാനമെന്നും ബെന്നി ബെഹനാന്‍ ചോദിച്ചു.

ആലുവ എടയപ്പുറം സ്വദേശിനിയായ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയശേഷം ജീവനൊടുക്കിയത്. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചക്കിടെ സിഐ സുധീര്‍ അവഹേളിച്ചു എന്ന് ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിരുന്നു. സംഭവം വിവാദമായതോടെ സിഐ സുധീറിനെ സ്‌റ്റേഷന്‍ ചുമതലകളില്‍ നിന്ന് നീക്കുമെന്ന് റൂറല്‍ എസ് പി കെ കാര്‍ത്തിക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

മരിച്ച മോഫിയ പര്‍വീണിന്റെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും ഭര്‍തൃമാതാവ് റുഖിയ, പിതാവ് യുസുഫ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന മൂവരും ഇന്ന് പുലര്‍ച്ചെയാണ് പിടിയിലായത്. സ്ത്രീധന പീഡനം നേരിടുന്നെന്ന് കാണിച്ച്‌ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ 21കാരിയായ മോഫിയ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button