ന്യൂഡല്‍ഹി: ബിജെപി എംപി വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന വരുണ്‍ വൈകാതെ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ ചില സംഭവങ്ങളില്‍ ബിജെപി നേതൃത്വം സ്വീകരിച്ച നിലപാട് ചോദ്യം ചെയ്ത് രംഗത്തുവന്നിരുന്നു വരുണ്‍ ഗാന്ധി.

അദ്ദേഹം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് വിവരം. അടുത്തിടെ ബിജെപിയില്‍ നിന്ന് നിരവധി പേര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. ബിജെപിയിലെ ബാബുല്‍ സുപ്രിയോയ്ക്ക് പുറമെ കോണ്‍ഗ്രസിലെ സുശ്മിത ദേവും തൃണമൂലിലേക്ക് കളംമാറി. ഇതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയെ സംബന്ധിച്ച വാര്‍ത്തകള്‍. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടുത്താഴ്ച ഡല്‍ഹിയിലെത്തുന്നുണ്ട്. പ്രതിപക്ഷ നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയെയും കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ബംഗാളിന് അനുവദിക്കാനുള്ള ജിഎസ്ടി കുടിശ്ശിക, ബിഎസ്‌എഫ് അധികാര പരിധി തുടങ്ങിയ കാര്യങ്ങളടക്കം ചര്‍ച്ച ചെയ്യുമെന്നാണ് വാര്‍ത്തകള്‍.

ഡല്‍ഹിയില്‍ വച്ച്‌ മമതാ ബാനര്‍ജിയുമായി വരുണ്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കൂടാതെ ഡാനിഷ് അലി തൃണമൂലില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക