ന്യുഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ചുവടുറപ്പിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്. മേഘാലയയിലെ 12 എം.എല്‍.എമാരെ പാര്‍ട്ടിയില്‍ ചേര്‍ത്താണ് തൃണമൂല്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്നലെവരെ കോണ്‍ഗ്രസില്‍ ആയിരുന്ന മുന്‍ മുഖ്യമന്ത്രി മുകുള്‍ സാഗ്മ അടക്കം 12 പേരാണ് നേരം ഇരുട്ടി വെളുത്തപ്പോള്‍ തൃണമൂലില്‍ എത്തിയത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് 17 എം.എല്‍.എമാരാണ് ആകെയുണ്ടായിരുന്നത്.

പാര്‍ട്ടി മാറിയത് കാണിച്ച്‌ എം.എല്‍.എമാര്‍ ഇന്നലെ രാത്രി 10 മണിയോടെ സ്പീക്കര്‍ മെത്ബ ലിങ്‌ദോയ്ക്ക് കത്ത് നല്‍കി. ഇതോടെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി തൃണമൂല്‍ മാറി. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദും അശോക് തന്‍വാറും പവന്‍ ശര്‍മ്മയും ഡല്‍ഹിയില്‍ മമത ബാനര്‍ജിയില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിനു പിന്നാലെയാണ് മേഘാലയയിലെ ഈ അട്ടിമറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന മറ്റ് പാര്‍ട്ടി നേതാക്കളെ സ്വാഗതം ചെയ്യുന്നതായി മമത ഇന്നലെ പറഞ്ഞിരുന്നു. നേരത്തെ അസം, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും നേതാക്കള്‍ തുണമൂലില്‍ എത്തിയിരുന്നു. ഇവിടെയെല്ലാം നഷ്ടം കോണ്‍ഗ്രസിനായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഹൃദ്യമായ ബന്ധം പുലര്‍ത്തുന്ന മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തിയെങ്കിലും സോണിയയെ കണ്ടിരുന്നില്ല. താന്‍ പഞ്ചാബ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും എന്തിനാണ് എല്ലായ്‌പ്പോഴും സോണിയ ഗാന്ധിയെ കാണുന്നതെന്നും ഭരണഘനാടപരമായി അത്തരമെന്നും നിബന്ധനയില്ലെന്നുമായിരുന്നു ഇതേ കുറിച്ച്‌ മാധ്യമങ്ങളുടെ ചോദ്യത്തോട് മമത പ്രതികരിച്ചത്.

തൃണമൂലില്‍ ചേര്‍ന്ന 12 എം.എല്‍.എമാരും ഇന്ന് ഉച്ചകഴിഞ്ഞ് ഷില്ലോംഗില്‍ മാധ്യമങ്ങളെ കാണും. ഓഗസ്റ്റില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ കോണ്‍ഗ്രസ് നിയമിച്ചതോടെയാണ് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തത്. പുതിയ പ്രസിഡന്റ് വിന്‍സെന്റ് എച്ച്‌. പാലയുമായി സഹകരിക്കാന്‍ പറ്റില്ലെന്ന് മുകുള്‍ സാഗ്മ തുറന്നടിച്ചു. ഒക്‌ടോബറില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുകുള്‍ സാഗ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞയാഴചയും സാഗ്മ ഡല്‍ഹിയിലെത്തി എഐസിസി നേതൃത്വത്തെ കണ്ടിരുന്നു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക