ഡല്‍ഹി കൃഷി ഭവനിലുള്ളില്‍ പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ഓഫീസിനുള്ളില്‍ വലിച്ചിഴച്ച്‌ ഡല്‍ഹി പൊലീസ്. ഇതിന്‍റെ വീഡിയോ എം.പി തന്നെ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു എം.പിയോടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് മഹുവ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കൃഷിഭവൻ പരിസരത്ത് നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച്‌ നീക്കം ചെയ്യുന്നതിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് ഒരു മന്ത്രിയെ കാണാൻ അപ്പോയിന്‍റ്മെന്‍റ് നല്‍കിയ ശേഷം പെരുമാറുന്നത് ഇങ്ങനെയാണ്. ( 3 മണിക്കൂര്‍ കാത്തിരുന്ന ശേഷം ഞങ്ങളെ കാണാന്‍ അവര്‍ വിസമ്മതിച്ചു)” മഹുവ കുറിച്ചു. കൃഷിഭവനിലെ കുത്തിയിരിപ്പ് സമരത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജി, ഡെറക് ഒബ്രിയാൻ, മറ്റ് നിരവധി നിയമസഭാംഗങ്ങള്‍ എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടിക്കാഴ്ചയ്ക്ക് മന്ത്രി സ്വാതി നിരഞ്ജൻ ജ്യോതി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കൃഷി ഭവനില്‍ നേതാക്കള്‍ സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു. രാത്രി ഏറെ വൈകി പൊലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയ നേതാക്കള്‍ തുടര്‍ നീക്കങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പശ്ചിമ ബംഗാളിനെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെയുള്ള തുടര്‍ പ്രക്ഷോഭങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ച്‌ തന്നെ തുടരുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ സുദീപ് ബന്ധോപാധ്യയുടെ വസതിയില്‍ വെച്ചാകും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗം നടക്കുക.

ഗാന്ധി ജയന്തി ദിനത്തിലും ഇന്നലെയും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസ് നേരിട്ട രീതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇന്നലെ ജന്തര്‍ മന്ദറില്‍ നടന്ന മഹാറാലിയില്‍ പ്രവര്‍ത്തകരെ പോലീസ് നേരിട്ടാല്‍ ബംഗാളില്‍ തിരിച്ചടി നല്‍കുമെന്ന് അഭിഷേക് ബാനര്‍ജി ഭീഷണി മുഴക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക