കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പേരിൽ കുമരകത്തെ സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി. മുൻ പഞ്ചായത്ത് പ്രസിഡന്റിനെയും, ബ്രാഞ്ച് സെക്രട്ടറിമാരെയും അടക്കം പുറത്താക്കിയ പാർട്ടി അരഡസനോളം ആളുകൾക്കെതിരെ അച്ചടക്ക നടപടിയും എടുത്തിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെയും മുന്നണിയുടെയും സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കുമരകത്തെ സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്.

മുൻ പഞ്ചായത്ത് പ്രസിഡന്റിനെയും ലോക്കൽ കമ്മിറ്റി അംഗത്തെയും ബ്രാഞ്ച് സെക്രട്ടരിമാരെയും പാർട്ടി പുറത്താക്കി. കുമരകം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ, ലോക്കൽ കമ്മിറ്റി അംഗം വസുമതി ഉത്തമൻ, വെളിയം ബ്രാഞ്ച് സെക്രട്ടറി എ.എൻ പൊന്നമ്മ, എസ്.ബി.ടി മുൻ ബ്രാഞ്ച് സെക്രട്ടറി എം.എം സജീവ് എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ഇതിൽ സജീവ് ഒഴികെയുള്ള മറ്റുള്ളവർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ പാർട്ടി സ്ഥാനാർത്ഥിയ്ക്കെതിരെ പ്രവർത്തിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇത് കൂടാതെ മുന്നണിയുടെ നിലപാട് ലംഘിച്ച് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കെതിരെ സ്വന്തം ഭാര്യയെ മത്സരിപ്പിച്ചതിനാണ് സജീവിനെതിരെ പാർട്ടി നടപടിയെടുത്തത്. വെളിയം ബ്രാഞ്ചിലെ പാർട്ടി അംഗങ്ങളായ അനില ദിലീപ്, ജോബിൻ കുരുവിള, നഴ്സറി ബ്രാഞ്ച് കമ്മിറ്റി അംഗം എം.കെ രാജേഷ് എന്നിവരെ മൂന്നു മാസം പാർട്ടി അംഗത്വത്തിൽ നിന്നും , ബ്രാഞ്ച് സെക്രട്ടറി പി.ജി സലിയെ ഒരു മാസത്തേയ്ക്കും, പതിനാലാം വാർഡ് സ്ഥാനാർത്ഥിയ്ക്കെതിരെ പ്രവർത്തിച്ചതിനു ലോക്കൽ കമ്മിറ്റി അംഗം കെ.പി അശോകനെയും, എസ്.ബി.ടി ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ
എന്നിവരെ താക്കീത് ചെയ്യുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക