മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പെ ബംഗാളിലും സമാന സംഭവം നടന്നതായി പരാതി. തങ്ങളുടെ വനിതാ സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി നഗ്നയാക്കിയ ശേഷം സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും റോഡിലൂടെ നടത്തിച്ചതായും ബി ജെ പി നേതാക്കള്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ബി ജെ പിയുടെ ആരോപണം.

പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ ഹൗറ ജില്ലയിലെ പഞ്ച്‌ല മേഖലയില്‍ 40 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചതായി യുവതി പരാതിയില്‍ പറയുന്നു.”എന്റെ നെഞ്ചിലും തലയിലും വടികൊണ്ട് അടിച്ചു, എന്നെ പോളിംഗ് സ്റ്റേഷനില്‍ നിന്ന് പുറത്താക്കി,” പരാതിയില്‍ പറയുന്നു. തൃണമൂല്‍ സ്ഥാനാര്‍ത്ഥി ഹിമന്ത റോയ്, നൂര്‍ ആലം, ആല്‍ഫി എസ്‌കെ, രണ്‍ബീര്‍ പഞ്ച സഞ്ജു, സുക്മല്‍ പഞ്ച തുടങ്ങി നിരവധിയാളുടെ പേരുകളും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ചിലര്‍ എന്നെ മര്‍ദ്ദിച്ചു. എന്റെ സാരിയും അടി വസ്ത്രവും വലിച്ചുകീറാന്‍ ഹിമന്ത റോയ് അലി ഷെയ്ഖിനെയും സുകമല്‍ പഞ്ചയെയും പ്രേരിപ്പിച്ചു. അവര്‍ എന്നെ നിരന്തരം ആക്രമിക്കുകയും വിവസ്ത്രയാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച്‌ എന്നെ പീഡിപ്പിക്കുകയും ചെയ്തു,” യുവതി പറയുന്നു.

തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഗ്രാമത്തില്‍ മുഴുവന്‍ നടത്തുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു.സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കടന്നാക്രമിച്ച്‌ ബി ജെ പി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. ഈ അപചയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മമത ഉടന്‍ സ്ഥാനമൊഴിയണമെന്ന് അമിത് മാളവ്യ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന ജൂലൈ എട്ടിനായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്.

അതേസമയം അക്രമ സംഭവം വിശദീകരിച്ച ബി ജെ പി ഹൂഗ്ലി എം പി ലോക്കറ്റ് ചാറ്റര്‍ജി വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു. മണിപ്പുര്‍ സംഭവത്തെ തങ്ങള്‍ അപലപിക്കുന്നു എന്നും എന്നാല്‍ ബംഗാളില്‍ നടന്നത് ചെറിയ സംഭവമാണോ എന്നും ലോക്കറ്റി ചാറ്റര്‍ജി ചോദിച്ചു. ബംഗാളിലെ പെണ്‍കുട്ടികളിലേക്കും ശ്രദ്ധ പതിയണം എന്നും വീഡിയോ വൈറല്‍ ആകുമ്ബോള്‍ മാത്രം നമ്മള്‍ പ്രതികരിച്ചാല്‍ മതിയോ എന്നും അവര്‍ ചോദിച്ചു.

‘ഞങ്ങളും രാജ്യത്തിന്റെ പെണ്‍മക്കള്‍ തന്നെയാണ്. പശ്ചിമ ബംഗാളും രാജ്യത്തിന്റെ ഭാഗമാണ്’, ലോക്കറ്റ് ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മണിപ്പുര്‍ സംഭവത്തെ അപലപിച്ചെന്നും സ്ത്രീ സുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളിലും ക്രമസമാധാന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബംഗാളിലെ പെണ്‍കുട്ടികളെക്കുറിച്ചും എല്ലാവരും സംസാരിക്കണം എന്നും ലോക്കറ്റ് ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക