എലിക്കുളം പഞ്ചായത്ത് പ്രസിഡന്റും, സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും, നിലവിലെ ഏരിയാ കമ്മിറ്റി അംഗവും കൂടിയായ എസ് ഷാജി പരസ്യമായി ബിജെപിയെ ചേർത്തു പിടിക്കുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ശ്രീ ധർമ്മ ശാസ്താ ചാരിറ്റബിൾ സൊസൈറ്റിയുടെ ശിലാസ്ഥാപന ചടങ്ങിലാണ് ബിജെപി ആർഎസ്എസ് നേതൃത്വത്തിനൊപ്പം പഞ്ചായത്ത് പ്രസിഡൻറ് വേദി പങ്കിട്ടത്. ഈ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡണ്ട് ആയ എസ് ഷാജിയാണ് . ഈ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ടിനെ കൂടാതെ പങ്കെടുത്തത് ബിജെപി ആർഎസ്എസ് നേതാക്കൾ മാത്രമാണെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി എലിക്കുളം പഞ്ചായത്തിൽ മാണി സി കാപ്പൻ എംഎൽഎ മെരിറ്റ് അവാർഡ് സംഘടിപ്പിച്ചപ്പോൾ രാഷ്ട്രീയ ചേരിതിരിവ് വ്യക്തമാക്കി ചടങ്ങിൽ നിന്ന് വിട്ടു നിന്ന ആളാണ് പഞ്ചായത്ത് പ്രസിഡൻറ്. ഇത്തരത്തിൽ യുഡിഎഫിനോട് പുലർത്തുന്ന അന്ധമായ രാഷ്ട്രീയ വിരോധം ബിജെപി ആർഎസ്എസ് സംഘടനകളോട് പഞ്ചായത്ത് പ്രസിഡൻറ് കാട്ടാത്തത് എന്തെന്ന ചോദ്യമാണ് അണികൾക്കിടയിൽ ഉയർന്നു വരുന്നത്. പാർട്ടി മേൽ ഘടകങ്ങളുടെ അറിവും ആശീർവാദവും ഇത്തരമൊരു അവിശുദ്ധ കൂട്ടുകെട്ടിന് ഉണ്ടോ എന്ന് സംശയവും രഹസ്യമായി അവർ ഉയർത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപി വലിയ രീതിയിലുള്ള വളർച്ച ലക്ഷ്യമിടുന്ന പഞ്ചായത്തിൽ സിപിഎമ്മിലെ പ്രമുഖൻ തങ്ങളുടെ പാളയത്തിലേക്ക് എത്തുമെന്ന പ്രതീക്ഷ ഒരു വിഭാഗം ബിജെപിക്കാരും പുലർത്തുന്നുണ്ട്. സിപിഎം ബിജെപി രഹസ്യ കൂട്ടുകെട്ട് ആണോ, അതോ പഞ്ചായത്ത് പ്രസിഡൻറ് സ്വന്തം നിലയിൽ നടത്തുന്ന ചേരി മാറ്റം ആണോ ഈ നീക്കങ്ങൾക്ക് പുറകിൽ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങൾക്ക് ഭരണ സമിതിയുടെ കീഴിൽ വലിയ പരിഗണനയാണ് ലഭിക്കുന്നത് എന്ന് ബിജെപി കേന്ദ്രങ്ങൾ തന്നെ വ്യക്തമാക്കുമ്പോൾ വലിയ താമസമില്ലാതെ തന്നെ അണിയറ നീക്കങ്ങളുടെ അകംപൊരുൾ പുറത്തു വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക