ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ പരിശോധനക്കായി തന്റെ കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതില്‍ നര്‍ത്തകിയും മലയാളിയുമായ സുധ ചന്ദ്രന്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവത്തില്‍ ക്ഷമാപണവുമായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്). കൃത്രിമ കാല്‍ നീക്കം ചെയ്യാന്‍ വനിതാ ഉദ്യോഗസ്ഥര്‍ സുധ ചന്ദ്രനോട് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും സിഐഎസ്‌എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തായിരുന്നു സുധ ഇന്‍സ്റ്റഗ്രാമില്‍ പ്രതിഷേധ വീഡിയോ പോസ്റ്റ് ചെയ്തത്.

സുധ ചന്ദ്രന് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച്‌, അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ സുരക്ഷാ പരിശോധനകള്‍ക്കായി പ്രോസ്തെറ്റിക്സ് നീക്കം ചെയ്യാവൂ എന്നും സിഐഎസ്‌എഫിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.”എന്തുകൊണ്ടാണ് ബന്ധപ്പെട്ട വനിതാ ഉദ്യോഗസ്ഥര്‍ സുധാ ചന്ദ്രനോട് കൃത്രിമക്കാല്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത് എന്ന് ഞങ്ങള്‍ പരിശോധിക്കും. യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ പ്രോട്ടോക്കോളുകളെപ്പറ്റി ഞങ്ങളുടെ എല്ലാ ജീവനക്കാരെയും വീണ്ടും ബോധവല്‍ക്കരിക്കുമെന്ന് ഉറപ്പ് നല്‍കുന്നു,” സിഐഎസ്‌എഫിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാഴാഴ്ചയായിരുന്നു വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച്‌ സുധ ചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വച്ചത്. “ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുമ്ബോള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകമാണ്. തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ല. തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത്തരം പരിശോധനകള്‍ ഒഴിവാക്കുന്നതിനായി പ്രത്യേക കാര്‍‌ഡ് നല്‍കണം,” സുധ ചന്ദ്രന്‍ ആവശ്യപ്പെട്ടു.വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാറപകടത്തില്‍ സുധ ചന്ദ്രന് തന്റെ കാല്‍ നഷ്ടമായത്. എന്നാല്‍ കൃത്രിമക്കാലുമായി സുധ ചന്ദ്രന്‍ സിനിമയിലും നൃത്തവേദികളിലും സജീവമായി. നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക