FlashKeralaNews

സ്നേഹിച്ച പെൺകുട്ടിയെ പത്തുവർഷം മുറിയിൽ ഒളിപ്പിച്ച് താമസിപ്പിച്ചു; കൂടെ താമസിച്ചിരുന്ന മാതാപിതാക്കളും സഹോദരനും ഒരു വിവരവും അറിഞ്ഞില്ല: പാലക്കാട് നിന്ന് പുറത്തുവരുന്നത് സിനിമാക്കഥയെ വെല്ലുന്ന ജീവിത യാഥാർത്ഥ്യം.

പാലക്കാട്: വീട്ടുകാരറിയാതെ ഒരു പെൺകുട്ടിയെ 10 വര്‍ഷം സ്വന്തം മുറിയിൽ താമസിപ്പിച്ച യുവാവിന്റെ കഥ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. പാലക്കാട് അയിലൂർ കാരക്കാട്ടുപറമ്പിലെ ആ കുടുംബത്തിൽ സംഭവിച്ചതെന്താണെന്നറിയാൻ എല്ലാവർക്കും ആകാംക്ഷ കാണും.

വാർഡ് മെമ്പർ പുഷ്പാകരൻ ആ വിചിത്ര സംഭവം വിവരിക്കുന്നതിങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

2010ലാണ് കഥാനായികയെ കാണാതാകുന്നത്. മേമയുടെ വീട്ടിലേക്ക് പഞ്ചാമൃതവുമായി പോയ സജിതയെന്ന പെൺകുട്ടിയെ പിന്നെയാരും കണ്ടിട്ടില്ല. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെന്മാറ പൊലീസ് തലങ്ങും വിലങ്ങും അന്വേഷണം ഊർജിതമാക്കി. ഒരു തുമ്പും കണ്ടെത്താനായില്ല. സംശയാസ്പദമായ സാഹചര്യങ്ങളൊന്നും അന്നുണ്ടായില്ല. പല കേസുകളും പോലെ ആ മിസ്സിങ് കേസും ആ പെൺകുട്ടിയും എല്ലാവരുടെയും ഓർമയിൽ നിന്നും മാറി. അങ്ങനെ 10 വര്‍ഷങ്ങൾക്കിപ്പുറം ഇന്നലെയാണ് കഥയിലെ ട്വിസ്റ്റ് സംഭവിക്കുന്നത്.

3 മാസം മുൻപ് കാണാതായ റഹിമാൻ എന്ന യുവാവിനെ സഹോദരൻ ബഷീർ ഇന്നലെ നെന്മാറയിൽവച്ച് കാണുന്നു. ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന റഹിമാൻ ടിപ്പർ ലോറി ഡ്രൈവറായ ബഷീറിനെ കണ്ടതും വേഗത കൂട്ടി. പിന്നാലെ ബഷീറും. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നെന്മാറയിൽ പരിശോധന നടക്കുന്നുണ്ടായിരുന്നു. പരിശോധനയ്ക്കുനിന്ന പൊലിസുകാരോട് ആ ബൈക്ക് യാത്രികന്റെ പേരിൽ ചില കേസുകളുണ്ടെന്നും പിടിക്കണമെന്നും ബഷീർ ആവശ്യപ്പെട്ടു.

പൊലിസ് റഹിമാനെ പിടികൂടി കാര്യങ്ങൾ തിരക്കി. നിങ്ങളെന്നെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലേ എന്നു ചോദിച്ച് റഹിമാൻ ബഷീറിനോട് കയർത്തു. വീട്ടിൽ നിന്നിറങ്ങി പോയതിനെക്കുറിച്ചു ചോദിച്ചപ്പോൾ എനിക്കൊരു പെണ്ണുണ്ട്. വിത്തനശേരിയില്‍ വാടയ്ക്കു താമസിക്കുകയാണെന്ന് മറുപടിയും പറഞ്ഞു. പിന്നീടാണ് ആർക്കും വിശ്വസിക്കാനാവാത്ത ആ 10 വർഷങ്ങളെക്കുറിച്ച് റഹിമാൻ പറഞ്ഞത്.

അന്നു കാണാതായ സജിതയെ താലി കെട്ടി റഹിമാൻ അന്നു രാത്രി സ്വന്തം വീട്ടിലെ സ്വന്തം മുറിയിൽ താമസിപ്പിച്ചു. ഒളിജീവിതത്തിനായി പിന്നെ റഹിമാൻ നടത്തിയതെല്ലാം സിനിമാക്കഥയെ വെല്ലും തിരക്കഥ. ഇലക്ട്രിക് കാര്യങ്ങളിൽ അഗ്രഗണ്യനായ റഹിമാൻ മുറിയ്ക്കകത്തും പുറത്തും പുതിയ ചില സിസ്റ്റങ്ങൾ ഘടിപ്പിച്ചു. ഒരു സ്വിച്ചിട്ടാൽ ലോക്കാവും വിധം വാതിലിന്റെ ഓടാമ്പൽ ഘടിപ്പിച്ചു. രണ്ടു വയറുകൾ മുറിയ്ക്ക് പുറത്തേക്കിട്ടു. മാനസിക വിഭ്രാന്തിയുള്ളപോലെ വീട്ടുകാരോട് പെരുമാറി.

തന്റെ കാര്യങ്ങൾ താൻ നോക്കും ഒന്നിലും ഇടപെടേണ്ട എന്ന മട്ടിലായി കാര്യങ്ങൾ. മുറിയ്ക്ക് പുറത്തേക്കിട്ട വയറുകൾ തൊട്ടാൽ ഷോക്കടിക്കും എന്നു ഭീഷണിപ്പെടുത്തി. ഒന്നു രണ്ടു കുടുംബാംഗങ്ങൾക്ക് ഷോക്കടിച്ച സംഭവവുമുണ്ടായി. ജനൽ അഴി കട്ട് ചെയ്ത് ഇളക്കി മാറ്റി മരത്തിന്റെ തടി ഘടിപ്പിച്ചു. വാതിലിനു പുറകിലായി ഒരു ടീപോയ് ചേർത്തുപിടിപ്പിച്ചു. കുടുംബത്തൊടൊപ്പമിരുന്ന് ഇന്നുവരെ ഭക്ഷണം കഴിയ്ക്കാൻ റഹിമാൻ തയാറായിരുന്നില്ല. ആവശ്യമായത് പ്ലേറ്റിൽ വിളമ്പി മുറിയിൽ കൊണ്ടുചെന്ന് സജിതയ്ക്കൊപ്പമിരുന്ന് കഴിക്കും. ഒരു ഗ്ലാസ് ചായയല്ല, ഒരു ജഗ്ഗ് ചായ കുടിക്കുന്നവനാണ് താനെന്ന് പറഞ്ഞ് ജഗ്ഗിൽ ചായ എടുത്തു കൊണ്ടു പോകും. മാനസിക നില തെറ്റിയ മകനെന്ന പരിഗണന ബാപ്പയും ഉമ്മയും നൽകി. അത് റഹിമാൻ തരംപോലെ മുതലാക്കുകയും ചെയ്തു. ആരും ശാസിക്കാനോ ശിക്ഷിക്കാനോ പോയില്ല. മാതാപിതാക്കൾക്കും ഭാര്യയ്ക്കുമൊപ്പം ഒരേസമയം ജീവിച്ചു.

വീടിനു പുറത്തിറങ്ങുമ്പോൾ മുറിയുടെ വാതിൽ പൂട്ടിയിടും. മുറിയുടെ വാതിൽ അകത്തുനിന്നു തുറക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. മകൾ മരിച്ചെന്നു സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ച ആ മാതാപിതാക്കൾക്കും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷവും എന്നാൽ ഇത്രയും കാലം വെറും നുറു മീറ്റർ അപ്പുറത്ത് കൺമുന്നിൽ നിന്നകന്നു ജീവിച്ചതിന്റെ പരിഭവവും ഉണ്ട് അവർക്ക്. അപ്പോഴും പ്രയാസങ്ങളും ദുരിതങ്ങളും ആവോളമുള്ള ആ കുഞ്ഞുവിട്ടീൽ ഈ തിരക്കഥ എങ്ങനെ പ്രാവർത്തികമായി എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ 10 വര്‍ഷങ്ങളാണ് ഒറ്റമുറിക്കുള്ളിൽ സജിതയും ഒളിജീവിതത്തിന്റെ ഭീതിയോടെ റഹിമാനും ജീവിച്ചു തീർത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button