കൊച്ചി: സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥടക്കമുളള ഉന്നതരുമായുളള ബന്ധം മറയാക്കിയാണ് കൊച്ചിയില്‍ പുരാവസ്തുക്കളുടെ മറവില്‍ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. തന്‍റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്ന ക്രിസ്തുവിന്റെ കാലത്തെ വെള്ളി നാണയങ്ങളും മോശയുടെ അംശവടിയുമൊക്കെക്കണ്ട് സംസ്ഥാനത്തെ മറ്റൊരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് മോന്‍സനെ ക്രൈംബ്രാഞ്ചിന്‍റെ റഡാറില്‍ എത്തിച്ചത്. പിന്നാലെ സാമ്ബത്തിക തട്ടിപ്പിന് പരാതികൂടി എത്തിയതോടെ അറസ്റ്റിലായി.

യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിന് കിട്ടിയ 30 വെള്ളി നാണയങ്ങളില്‍ രണ്ടെണ്ണം, കുരിശില്‍ നിന്നിറക്കിയ യേശുവിന്‍റെ മുഖം തുടച്ച വെളളത്തുണി, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണയൊഴിക്കുന്ന റാന്തല്‍ വിളക്ക് എന്നിവയൊക്കെ തന്‍റെ അത്യപൂ‍ര്‍വ പുരാവസ്തുശേഖരത്തെക്കുറിച്ച്‌ സാമൂഹ്യ മാധ്യമങ്ങളിലൂടെ മോന്‍സന്‍ മാവുങ്കല്‍ തന്നെ വിശദീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ന‍ടന്ന ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. അന്നത്തെ ഡിജിപി ലോക്നാഥ് ബഹ്റയടക്കമുളള ആളുകളെ തന്‍റെ മ്യൂസിയം കാണാന്‍ മോന്‍സണ്‍ ക്ഷണിച്ചു. പുരവസ്തുക്കളെന്ന് പറഞ്ഞ് ഇവയൊക്കെ കാണിച്ചുകൊടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാണാന്‍ വന്നവരല്ലാം മോന്‍സണെ അകമഴിഞ്ഞ് അഭിനന്ദിച്ചു. എന്നാൽ മോശയുടെ അംശവടി എങ്ങനെ മോന്‍സന്‍റെ കൈവശമെത്തിയെന്ന സംശയം ഇക്കൂട്ടത്തില്‍ ഒരു ഉദ്യോദഗസ്ഥനുണ്ടായി. ഈ സംശയം രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. മോന്‍സന്‍റെ ഇടപാടുകള്‍ സംശയാസ്പദമാണെന്ന് ഇവരും റിപ്പോര്‍ട്ടും നല്‍കി. പക്ഷേ അതിനിടെ ഉന്നത പൊലീസ് ബന്ധങ്ങള്‍ മോന്‍സന്‍ ഉപയോഗിച്ചുതുടങ്ങിയിരുന്നു. കൊച്ചി നോര്‍ത്ത് പൊലീസിന്‍റെ രാത്രികാല ബീറ്റ് പൊയിന്‍റുകളിലൊന്ന് ഇയാളുടെ വീടാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സന്നദ്ധതയറിയിച്ച്‌ മാസങ്ങള്‍ക്കുമുന്പ് ഇയാള്‍ പൊലീസ് ആസ്ഥാനത്തും എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ചേര്‍ത്തലയിലെ വീട്ടിലെത്തി. അടുത്ത ബന്ധുവിന്‍റെ മനസമ്മതച്ചടങ്ങ് നടക്കുകയായിരുന്നു. സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥര്‍ ഈ സമയം ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഒടുവില്‍ ചടങ്ങ് അവസാനിച്ച്‌ എല്ലാവരും പോയതിനുപിന്നാലെയാണ് ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക