മലപ്പുറം: കെപിസിസിയുടെ താക്കീതും, മുന്നറിയിപ്പും ഒന്നും വകവയ്ക്കാതെ എ ഗ്രൂപ്പിന്റെ ഫലസ്തീൻ ഐക്യദാര്‍ഢ്യ ജനസദസ്. ആര്യാടൻ ഷൗക്കത്തും, ആര്യാടൻ ഫൗണ്ടേഷനുമാണ് ജനസദസ്സിന് നേതത്വം നല്‍കിയത്. കനത്ത മഴ പോലും വകവയ്ക്കാതെയാണ് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് റാലിയുമായി മുന്നോട്ടുപോയത്. ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകിയതോടെയാണ് എ വിഭാഗം റാലി നടത്തിയത്. അയ്യായിരത്തിലധികം പേര്‍ പങ്കെടുത്ത റാലി മലപ്പുറം ടൗണ്‍ഹാളിന് സമീപത്ത് നിന്ന് തുടങ്ങി കിഴക്കേത്തല ജങ്ഷൻ വരെയാണ് നടത്തിയത്.

തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഡി.സി.സി. പ്രസിഡന്റ് വി എസ്. ജോയിയും എ.പി. അനില്‍കുമാറുമടങ്ങുന്ന കെ.സി. വേണുഗോപാലിന്റെ സംഘം വെട്ടിനിരത്തുകയാണെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആരോപണം. വിഭാഗീയത ശക്തമായി നില്‍ക്കുന്നതിനിടെയാണ് ആര്യാടൻ ഫൗണ്ടേഷൻ ഫലസ്തീൻ ഐക്യദാര്‍ഢ്യറാലി പ്രഖ്യാപിച്ചത്. കെപിസിസി മുന്നറിയിപ്പിനെ തുടര്‍ന്ന് ആര്യാടൻ ഷൗക്കത്ത് നടത്തുന്ന മലപ്പുറത്തെ ഫലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ഭൂരിഭാഗം നേതാക്കളും പിന്മാറിയിരുന്നു. അതേസമയം, പ്രധാന നേതാക്കള്‍ വന്നില്ലെങ്കിലും പരിപാടി നടക്കുമെന്ന് ആര്യാടൻ ഫൗണ്ടേഷൻ അറിയിച്ചിരുന്നു.യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കിയെങ്കിലും, ഫലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് പിന്മാറുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു. താക്കീത് നല്‍കിക്കൊണ്ടുള്ള കെപിസിസി നിര്‍ദ്ദേശം കിട്ടിയിട്ടില്ല. ഐക്യദാര്‍ഢ്യം വിഭാഗീയ പ്രവര്‍ത്തനം അല്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ വേണ്ടിയല്ല ആര്യാടൻ ഫൗണ്ടേഷനെന്ന് ആര്യാടൻ ഷൗക്കത്ത് ജനസദസ്സില്‍ പറഞ്ഞു..’ആര്യാടൻ എന്തിന് വേണ്ടി ജീവിച്ചുവോ അത് അദ്ദേഹത്തിന്റെ കാലശേഷവും നടപ്പിലാക്കാനാണ് ആര്യാടൻ ഫൗണ്ടേഷൻ രൂപീകരിച്ചത്. നമ്മള്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്റെ പൗരന്മാരാണ്. ഒരിക്കലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തില്ല. അതിന് വേണ്ടിയല്ല ആര്യാടൻ ഫൗണ്ടേഷൻ’, എന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകള്‍.

നേരത്തെ, ഡി.സി.സി. ഫലസ്തീൻ ഐക്യദാര്‍ഢ്യറാലി നടത്തിയിരുന്നു. അര്യാടൻ ഷൗക്കത്തും സി. ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഡി.സി.സിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഫലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തരുതെന്ന് ആര്യാടൻ ഷൗക്കത്തിന് കെസിപിപി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച്‌ പരിപാടി നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരും. ആര്യാടൻ ഷൗക്കത്ത് നടത്തുന്നത് പാര്‍ട്ടിയെ വെല്ലുവിളിച്ചു കൊണ്ടുള്ള പരിപാടിയാണെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കളെ അണിനിരത്തി പാര്‍ട്ടി സംഗമം നടത്തിയതാണ്. ആര്യാടൻ ഫൗണ്ടേഷന്റെ പേരില്‍ നേരത്തെയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചപ്പോള്‍ താക്കീത് നല്‍കിയതാണ്. പാര്‍ട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്ബോള്‍ ഒരുതരത്തിലുള്ള വിഭാഗീയതയും അനുവദിക്കില്ലെന്നും കെപിസിസി നേതൃത്വം മുന്നറിയിപ്പ് നല്‍കി. ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയെ വിഭാഗീയതക്കുള്ള മറയായി അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണം. അതിനാല്‍ സമാന്തര പരിപാടിയില്‍ നിന്ന് പിന്തിരിയണം. സംഘടന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച്‌ വിഭാഗീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് തള്ളിയാണ് ആര്യാടൻ ഷൗക്കത്ത് ഫലസ്തീൻ ഐക്യദാര്‍ഢ്യ ജനസദസ്സുമായി മുന്നോട്ടുപോയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക