പി.ഡി.പി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഓപ്പറേഷന്‍ വിജയകരമായി നടത്തിയെങ്കിലും അസുഖം പിന്നീട് മൂര്‍ഛിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

മികച്ച പ്രഭാഷകന്‍ കൂടിയായ ഇദ്ദേഹം തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലറായിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായുമാണ് സിറാജ് മത്സരിച്ചത്.1995 ല്‍ മാണിക്യംവിളാകം വാര്‍ഡില്‍ നിന്നും 2000 ല്‍ അമ്ബലത്തറ വാര്‍ഡില്‍ നിന്നും പി.ഡി.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ച്‌ തിരഞ്ഞെടുക്കപ്പെട്ടു. 2005 ല്‍ പി.ഡി.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തന്‍പള്ളി വാര്‍ഡില്‍ മല്‍സരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടക്കാലത്ത് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി, ഐ.എന്‍.എല്ലില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായി തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സി.പി.എം അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പിന്‍വാങ്ങി. പിന്നീട് അബ്ദുന്നാസര്‍ മഅ്ദനിക്ക് കത്ത് നല്‍കി പി.ഡി.പിയില്‍ തിരിച്ചെത്തുകയായിരുന്നു.

എല്ലാ കാലത്തും പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു പൂന്തുറ സിറാജെന്നും എന്റെ പ്രതിസന്ധികളില്‍ അദ്ദേഹം ധീരമായി കൂടെ നിന്നുവെന്നും പി.ഡി.പി ചെയര്‍മാന്‍ മഅ്ദനി പറഞ്ഞു. തന്റെ സഹോദരീഭര്‍ത്താവ് കൂടിയായ അദ്ദേഹത്തിന്റെ വിയോഗത്തില്‍ പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.ഖബറടക്കം നാളെ പൂന്തുറ പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക