പത്തനംതിട്ട: കായംകുളം എം.എല്‍.എ യു. പ്രതിഭ പറഞ്ഞ വിളിച്ചാല്‍ ഫോണെടുക്കാത്ത ആ മന്ത്രി വീണാ ജോര്‍ജാണെന്ന്‌ സി.പി.എം ലോക്കല്‍ കമ്മറ്റി യോഗങ്ങളില്‍ വിമര്‍ശനം. പ്രതിഭയുടെ പ്രസ്‌താവനയ്‌ക്ക്‌ മുന്‍പാണ്‌ ലോക്കല്‍ കമ്മറ്റി യോഗങ്ങളിലും എല്‍.ഡി.എഫ്‌ യോഗങ്ങളിലും മന്ത്രിക്കെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്‌. പത്തനംതിട്ട ടൗണ്‍ നോര്‍ത്ത്‌, സൗത്ത്‌ ലോക്കല്‍ കമ്മറ്റികളിലും നഗരസഭയിലെ എല്‍.ഡി.എഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും മുനിസിപ്പല്‍ കമ്മറ്റി യോഗത്തിലുമാണ്‌ സ്‌ഥലം എം.എല്‍.എ കൂടിയായ മന്ത്രിക്കെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്‌.

മന്ത്രിയെന്നോ സ്‌ഥലം എം.എല്‍.എയെന്നോ ഉള്ള നിലകളില്‍ വീണയെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പോലും വിളിച്ചാല്‍ ഫോണെടുക്കില്ല എന്നാണ്‌ പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. മിസ്‌ഡ്‌ കാള്‍ കണ്ടാലും തിരിച്ചു വിളിക്കാറില്ല. ജില്ലയില്‍ നിന്നുള്ള മന്ത്രിയായിട്ടു കൂടി വികസന കാര്യങ്ങളില്‍ വീണയുടെ പങ്കാളിത്തം ഉണ്ടാകുന്നില്ല. നഗരസഭ നടപ്പാക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളോട്‌ മന്ത്രി മുഖം തിരിക്കുന്നുവെന്ന്‌ നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സി.പി.എം ലോക്കല്‍ കമ്മറ്റി യോഗത്തിലും വിമര്‍ശനമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഇന്നലെ പുറത്തു വന്ന ആറന്മുള നിയോജക മണ്ഡലം കമ്മറ്റിയുടെ നിയമസഭാ തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോര്‍ട്ടില്‍ വീണയ്‌ക്കെതിരേ പാര്‍ട്ടിയില്‍ നിന്ന്‌ പ്രവര്‍ത്തനമുണ്ടായതായി പരാമര്‍ശമുണ്ട്‌. വിവിധ ലോക്കല്‍ കമ്മറ്റികളിലായി 267 സജീവ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ വിട്ടു നിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ജില്ലാ നേതാക്കളെയുമെല്ലാം മന്ത്രി അവഗണിക്കുന്നുവെന്ന പരാതി നേരത്തേ തന്നെ ഉണ്ട്‌. മന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ പാര്‍ട്ടിയുടെ നേതാക്കന്മാരെ ഒഴിവാക്കുന്നുവെന്ന പരാതിയുമുണ്ട്‌.

കഴിഞ്ഞ ദിവസം നാലിന്‌ ചേര്‍ന്ന എല്‍.ഡി.എഫ്‌ മുനിസിപ്പല്‍ കമ്മറ്റി യോഗം ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്‌തു. സി.പി.എം സംസ്‌ഥാന കമ്മറ്റിയംഗം ആര്‍. ഉണ്ണികൃഷ്‌ണ പിള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രത്യേക ഉപസമിതി രൂപീകരിച്ച്‌ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. സി.പി.എം സംസ്‌ഥാന കമ്മറ്റിയിലും വിഷയം അവതരിപ്പിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക