കണ്ണൂര്‍: ആറുമാസം കൊണ്ട് കോണ്‍ഗ്രസില്‍ അടിമുടി പൊളിച്ചെഴുത്തുത്ത് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാ ജില്ലകളിലും അച്ചടക്ക കമ്മീഷനുകള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും 2,500 കേഡര്‍മാരെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് പരിശീലനം നല്‍കി ബൂത്തുകളുടെ ചുമതല നല്‍കും. പാര്‍ട്ടി ദുര്‍ബലമായ സ്ഥലങ്ങളില്‍ കേഡര്‍മാരുടെ നേതൃത്വത്തില്‍ സംഘടനാശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് ആവശ്യമാണ്. സംഘടന തെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ പുതിയ മുഖങ്ങള്‍ കടന്നുവരും. പാര്‍ട്ടിയുടെ പ്രതിച്ഛായ തല്ലിത്തകര്‍ക്കാന്‍ ഇനി വയ്യെന്നും മാറ്റങ്ങളില്‍ എതിര്‍വികാരം തോന്നുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്‌യു അംഗത്വവിതരണവും തെരഞ്ഞെടുപ്പും പരിഹാസ്യമാണ്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകള്‍ ഏറ്റെടുക്കാന്‍ കെപിസിസി തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിണറായി വിജയന്‍ രണ്ടാമതും അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോര്‍ത്തി. പാര്‍ട്ടിയുടെ അടിത്തട്ടിലെ ദൗര്‍ബല്യം സര്‍വ്വേ നടത്തിയപ്പോള്‍ വ്യക്തമായതാണ്. നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വാരിവലിച്ചെഴുതുന്ന അണികള്‍ പാര്‍ട്ടിക്ക് ഭൂഷണമല്ല.

ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കള്‍ക്ക് പോയകാലത്ത് സ്ഥാനങ്ങള്‍ കിട്ടിയില്ല. പാര്‍ട്ടിക്കുള്ളിലെ സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ നടത്താനാണ് ആലോചന.2024 ല്‍ പാര്‍ലമെന്റ് നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച്‌ നടക്കാനാണ് സാധ്യത. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക