ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ടെസ്റ്റ് കരിയറിലെ രോഹിത് ശര്‍മ്മയുടെ എട്ടാം സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്ത് ഹിറ്റ്മാന്‍ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. 204 പന്തില്‍ നിന്നാണ് രോഹിത് ശര്‍മ്മ സെഞ്ചുറി നേടിയത്. 64 ആം ഓവറിലെ അഞ്ചാം പന്തില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മൊയിന്‍ അലിയ്ക്കെതിരെ ലോങ് ഓണില്‍ സിക്സ് പറത്തിയാണ് തന്റെ ആദ്യ ഓവര്‍സീസ് സെഞ്ചുറി രോഹിത് ശര്‍മ്മ നേടിയത്.

രണ്ടാം ഇന്നിങ്സിലെ ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സും രോഹിത് ശര്‍മ്മ പൂര്‍ത്തിയാക്കി. 74 ഇന്നിങ്സില്‍ നിന്നാണ് രോഹിത് ടെസ്റ്റില്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. കൂടാതെ 25 റണ്‍സ് പിന്നിട്ടതിന് പുറകെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 11000 റണ്‍സും രോഹിത് ശര്‍മ്മ പൂര്‍ത്തിയാക്കി. വെറും 246 ഇന്നിങ്സില്‍ നിന്നുമാണ് ഈ നാഴികക്കല്ല് രോഹിത് ശര്‍മ്മ പിന്നിട്ടത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഓപ്പണറായി 11000 റണ്‍സ് നേടിയവരുടെ പട്ടികയില്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍, ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ എന്നിവരെ പിന്നിലാക്കി രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനത്തെത്തി. 241 ഇന്നിങ്സില്‍ നിന്നും 11000 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രോഹിത് ശര്‍മ്മയ്ക്ക് മുന്‍പിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തകര്‍പ്പന്‍ പ്രകടനമാണ് ഈ പരമ്ബരയില്‍ രോഹിത് ശര്‍മ്മ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ ലോര്‍ഡ്സ് ടെസ്റ്റില്‍ 83 റണ്‍സ് നേടിയിരുന്ന രോഹിത് ശര്‍മ്മയ്ക്ക് നിര്‍ഭാഗ്യവശാല്‍ മൂന്നക്കം കടക്കാന്‍ സാധിച്ചിരുന്നില്ല. പരമ്ബരയില്‍ ഇതിനോടകം 300 ലധികം റണ്‍സ് നേടിയ രോഹിത് ശര്‍മ്മ 2021 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സും പിന്നിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക