ട്രെയിനില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവച്ചു കൊന്നു. ജയ്പുര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് (34) സര്‍വീസ് റൈഫിള്‍ ഉപയോഗിച്ചു നടത്തിയ വെടിവയ്പില്‍ ആര്‍പിഎഫ് എഎസ്‌ഐ ടിക്കാറാം മീണയും മൂന്നു യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്.
മുംബൈയിലേക്കു വരികയായിരുന്ന ട്രെയിൻ മീര റോഡിനും ദഹിസാറിനും ഇടയില്‍ എത്തിയപ്പോള്‍ പ്രകോപനമൊന്നുമില്ലാതെ കോണ്‍സ്റ്റബിള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അബ്ദുള്‍ ക്വാദിര്‍ഭായി മുഹമ്മദ് ഹുസൈൻ, അക്തര്‍ അബ്ബാസ് അലി, സദര്‍ മുഹമ്മദ് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മൂന്നു പേര്‍. രണ്ട് ബോഗികളിലും പാൻട്രി കാറിലും ജവാൻ ആക്രമണം അഴിച്ചുവിട്ടതോടെ യാത്രക്കാര്‍ ഭയചകിതരായി.
-->
ബി 5 കോച്ചിലുണ്ടായിരുന്ന ടിക്കാറാം മീണയെയും മറ്റൊരാളെയും വെടിവച്ചശേഷം ബി 6 കോച്ചിലെത്തിയ ഇയാള്‍ യാത്രക്കാരില്‍ ഒരാളെ വെടിവച്ചു വീഴ്ത്തി. തുടര്‍ന്ന് പാൻട്രികാറില്‍ എത്തി കണ്‍മുന്നിലെത്തിയ മറ്റൊരാളെയും വെടിവച്ചു. തുടര്‍ന്ന് ചങ്ങല വലിച്ച് ട്രെയിൻ നിര്‍ത്തി രക്ഷപ്പെടാൻ ശ്രമിച്ച ചേതൻ സിംഗിനെ റെയില്‍വേ സേനാംഗങ്ങളും യാത്രക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. മൊത്തം 12 തവണ ഇയാള്‍ വെടിയുതിര്‍ത്തു.
ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ട്രെയിനില്‍ വാക്കേറ്റമോ കൈയാങ്കളിയോ ഉണ്ടായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്ടെന്നു പ്രകോപിതനാകുന്നയാളാണ് ചേതൻ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ രാവിലെ 6.18ന് ട്രെയിന്‍ മുംബൈ ബോറിവില്ലിയിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ ട്രെയിനില്‍നിന്നു നീക്കിയത്. രാജസ്ഥാനിലെ സവായി മധോപുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ടിക്കാറാം മീണ. യുപിയിലെ ഹത്രാസിലാണ് ചേതൻ സിംഗിന്‍റെ വീട്. ഇവരുള്‍പ്പെടെ നാലംഗ ആര്‍പിഎഫ് സംഘം ഞായറാഴ്ച ദാദര്‍-പോര്‍ബന്തര്‍ സൗരാഷ്‌ട്ര എക്‌സ്പ്രസിനു സൂറത്ത് വരെ സുരക്ഷയൊരുക്കിയശേഷം മുംബൈ സെന്‍ട്രല്‍ എക്‌സ്പ്രസില്‍ ഡ്യൂട്ടിക്കായി പ്രവേശിക്കുകയായിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് വെസ്റ്റേണ്‍ റെയില്‍വേ ഉത്തരവിട്ടു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക