തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിൻ ബെംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം. ഒപ്പം താമസിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയാണ് ലിബിനൊപ്പം ബെംഗളുരുവില്‍ താമസിച്ചിരുന്നത്. എബിനെ കർണാടക പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ലിബിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായ ലിബിൻ തിങ്കളാഴ്ചയാണ് മരിച്ചത്. കുളിമുറിയില്‍ വീണ് പരിക്കേറ്റെന്നായിരുന്നു വീട്ടുകാർക്ക് കിട്ടിയ വിവരം. കൂടെയുണ്ടായിരുന്നവരാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്. എന്നാല്‍, മുറിവില്‍ ആസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി ലിബിന്‍റെ സഹോദരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഒപ്പം താമസിച്ചിരുന്നവർ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും തലയിലെ മുറിവിന് കുളിമുറിയില്‍ വീണപ്പോള്‍ സംഭവിച്ചത് പോലെയല്ലെന്ന് ഡോക്ടർ പറഞ്ഞതായും ലിബിന്‍റെ സഹോദരി ആരോപിച്ചിരുന്നു. ബെംഗളൂരു നിംഹാൻസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ലിബിന്‍റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഹെബ്ബ ഗുഡി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണിപ്പോള്‍ കൂടെ താമസിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തത്. മരിച്ച യുവാവിന്‍റെ ആന്തരികാവയവങ്ങള്‍ 8 പേർക്ക് ദാനം ചെയ്തതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

















