സ്വർണക്കടത്തുകേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റേതെന്നു കരുതുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.നടിയുടെ മുഖത്ത് അടി കൊണ്ട ചതവുകളും കണ്‍തടങ്ങള്‍ വീർത്ത നിലയിലുമുളള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതോടെ നടി കസ്റ്റഡിയില്‍ ആക്രമിക്കപ്പെട്ടോയെന്ന അഭ്യൂഹങ്ങള്‍ ഉയരുകയാണ്. ഇന്നലെ പുറത്തുവന്ന ചിത്രത്തിനോട് കർണാടക വനിതാ കമ്മീഷൻ പ്രതികരിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഔദ്യോഗികമായി പരാതി ലഭിക്കാതെ വനിതാ കമ്മീഷന് അന്വേഷിക്കാൻ കഴിയില്ലെന്നാണ് പ്രതികരിച്ചിരിക്കുന്നത്. ആരെങ്കിലും പരാതി നല്‍കാതെ അന്വേഷണം നടത്താനുളള അധികാരമില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ നാഗലക്ഷ്മി ചൗധരി വ്യക്തമാക്കി.
-->
‘ആക്രമണം നടത്തിയവർ ആരായാലും അത് ചെയ്യാൻ പാടില്ലായിരുന്നു. നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല. ഞങ്ങള്‍ അന്വേഷണം നടത്താൻ എന്തായാലും അനുവദിക്കും. നിയമം അതിന്റെ വഴിക്ക് പോകും. ആരെയും ഉപദ്രവിക്കാൻ ആർക്കും അവകാശമില്ല. അതൊരു സ്ത്രീ ആയാലും പുരുഷനായാലും അങ്ങനെ തന്നെയാണ്. ഇത്തരത്തില്‍ ആക്രമിക്കുന്നതിന് ഞാൻ പൂർണമായും എതിരാണ്. ഇതില്‍ രന്യ പരാതി തരികയാണെങ്കില്‍ അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. കമ്മീഷന് സാധിക്കുന്ന എല്ലാ കാര്യങ്ങളും രന്യയുടെ പരാതിയില്‍ നടപ്പിലാക്കും. അവർ ഇതുവരെയായിട്ടും പരാതി നല്‍കിയിട്ടില്ല’- അദ്ധ്യക്ഷ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രിയിലാണ് 12 കോടി വിലമതിക്കുന്ന സ്വർണവുമായി രന്യ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. 14.8 കിലോഗ്രാം സ്വർണമാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജെൻസ് (ഡിആർഐ) പിടിച്ചെടുത്തത്. രന്യ കുറച്ച് സ്വർണം അണിഞ്ഞും ബാക്കി സ്വർണം വസ്ത്രത്തില്‍ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക