
കരിമണ്ണൂർ: മദ്യലഹരിയിൽ വീട്ടിൽ വഴക്ക് ഉണ്ടാക്കിയ ശേഷം കിണറ്റിൽ ചാടിയ മധ്യവയസ്കനെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. മണ്ണാർത്തറ പനയകുന്നേൽ മധുവാണ് ഇന്നലെ 2 മണിയോടെ കിണറ്റിൽ ചാടിയത്. വീട്ടിൽ ബഹളം ഉണ്ടാക്കുന്ന വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് ഇയാൾ കിണറ്റിൽ ചാടിയത്.
പത്തടിയിലേറെ വെള്ളം ഉണ്ടായിരുന്ന ആഴമുള്ള കിണറ്റിൽ നിന്ന് രക്ഷിക്കാൻ കയർ ഇട്ടു കൊടുത്തെങ്കിലും കയറി വരാൻ മധുവിനു സാധിച്ചില്ല. തുടർന്ന് തൊടുപുഴയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കിണറ്റിൽ ഇറങ്ങി ഇയാളെ വലയിലാക്കി പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഓഫിസർമാരായ എൽദോ വർഗീസ്, അലിയാർ, ഷൗക്കത്തലി, ഭാവാസ്, ദിനിഷ് കുമാർ, ബിബിൻ എന്നിവരും കരിമണ്ണൂർ എസ്ഐ ബിജോ ജേക്കബ്, വിൻസന്റ് ജോസഫ്, ദിനേഷ്, എഎസ്ഐമാരായ പി.കെ.സലിൽ, മുഹമ്മദ് അനസ്, ജയ, സിപിഒമാരായ സുനിൽ, റസീന എന്നിവർ രക്ഷാദൗത്യത്തിൽ പങ്കെടുത്തു.