അവിഹിത ബന്ധങ്ങളുടെ പേരിലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൈയും കണക്കുമില്ലാതിരിക്കെ കുറച്ചു മാസം മുമ്ബ് കേരളത്തിന്റെ മനസുലച്ച രണ്ട് കുറ്റകൃത്യങ്ങളുണ്ടായത് തിരുവനന്തപുരത്തും കൊച്ചിയിലുമാണ്.എയർ ഗണ്ണുമായെത്തിയ വനിതാ ഡോക്ടർ തന്റെ പുരുഷ സുഹൃത്തിന്റെ പങ്കാളിയെ വെടിവച്ചതായിരുന്നു തലസ്ഥാന നഗരിയിലുണ്ടായതെങ്കില്‍, കൊച്ചി പനമ്ബള്ളി നഗറിലെ ഫ്ളാറ്റില്‍ നിന്ന് പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് നവജാതശിശുവിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതായിരുന്നു മറ്റൊരു ക്രൂരത.
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച പുരുഷ സുഹൃത്തിന്റെ പങ്കാളിയ്ക്കുനേരെ തലസ്ഥാന നഗരിയിലായിരുന്നു വനിതാ ഡോക്ടറുടെ എയർഗണ്‍ പ്രയോഗം. ഇക്കഴിഞ്ഞ ജൂണില്‍ നഗരത്തിലെ വള്ളക്കടവിലായിരുന്നു സംഭവം. കേന്ദ്രസർക്കാരിന്റെ എൻ.ആർ.എച്ച്.എം ജീവനക്കാരിയായ ഷിനിയ്ക്കു നേരെ ഭർത്താവിന്റെ സുഹൃത്തായ വനിതാ ഡോക്ടർ ദീപ്തിമോള്‍ ജോസാണ് കടുംകൈ ചെയ്തത്. എയർഗണ്ണുമായി കാറില്‍ വീട്ടിലെത്തിയ ഡോക്ടർ കൊറിയർ നല്‍കാനെന്ന വ്യാജേനയാണ് ആക്രമണം നടത്തിയത്. കൊറിയർ കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെടുകയും ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോള്‍ എയർ ഗണ്‍ ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു.
-->

കൈ കൊണ്ട് പെട്ടെന്ന് തടുത്തതിനാല്‍ ഷിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തിമോളുമായി അടുപ്പത്തിലായിരുന്നു ഷിനിയുടെ ഭർത്താവ് സുജിത്ത്. ഇരുവരും ഒരുമിച്ച് ജോലി ചെയ്തുവരവേ അടുപ്പത്തിലാകുകയും വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് വനിതാ ഡോക്ടർ പൊലീസിനോട് അന്ന് വെളിപ്പെടുത്തിയത്. വെടിവയ്പ്പിന് ഡോക്ടർക്കെതിരെയും, ഡോക്ടർ നല്‍കിയ പീഡന പരാതിയില്‍ ബലാല്‍സംഗത്തിന് സുജിത്തിനെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
തലസ്ഥാനത്തെ വെടിവയ്പ്പ് സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്ബാണ് എറണാകുളം പനമ്ബള്ളി നഗറിലെ ഫ്ലാറ്റില്‍ നിന്ന് പ്ളാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് നവജാതശിശുവിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ആരെങ്കിലും സഞ്ചിയിലാക്കി മാലിന്യം ഉപേക്ഷിച്ചതാവാമെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ചോരയില്‍ കുളിച്ച്, ഒരുദിവസംപോലും പ്രായമാകാത്ത കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസിലായത്. സമീപത്തെ ഫ്ലാറ്റില്‍ നിന്ന് റോഡിലേക്ക് എറിയുന്ന സിസി ടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്.
ഫ്ളാറ്റിലെ താമസക്കാരിയായിരുന്ന അവിവാഹിതയായ യുവതി വീട്ടുകാരില്‍ നിന്നൊളിപ്പിച്ച ഗർഭമാണ് നവജാതശിശുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ യുവതിയെയും കാമുകനെയും ഉള്‍പ്പെടെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തെങ്കിലുംകുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ക്കും സമൂഹത്തില്‍ അപമാനത്തിനും ഇടയാക്കുന്ന ഇത്തരം സംഭവങ്ങളുടെ വാർത്തകളോ നിയമ നടപടികളോ ഒന്നിനും വിരാമമിടാൻ പര്യാപ്തമാകുന്നില്ലെന്നതാണ് വാസ്തവം.
എന്തുകൊണ്ട് വേലിചാട്ടം?
പങ്കാളിയില്‍നിന്ന് മാനസികവും ശാരീരികവുമായ പരിചരണവും ശ്രദ്ധയും യഥാസമയം ലഭിക്കാതെ വരുമ്ബോഴോ അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്ബോഴോ ആണ് പലരും വിവാഹേതര ബന്ധങ്ങളിലേക്ക് വഴുതിവീഴുന്നത്. കിടപ്പറയിലെ പ്രശ്‌നങ്ങളും ഒരു പരിധിവരെ കാരണമാകാം. അത്തരം വീർപ്പുമുട്ടലുകളില്‍ അപ്രതീക്ഷിതമായെത്തുന്ന പരിചയക്കാരില്‍ ആകൃഷ്ടരായെന്നും വരാം. അവിടെ സ്വന്തം കുടുംബത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ ഒന്നും ചിന്തിച്ചുവെന്നും വന്നേക്കില്ല.
വിവാഹേതര ബന്ധങ്ങള്‍ക്ക് അവഗണന ഒരു കാരണമാണെങ്കില്‍, ലൈംഗികമായോ ശാരീരികമായോ മാനസികമായോ പങ്കാളിയില്‍നിന്ന് നിരന്തരം അനുഭവിക്കേണ്ടിവരുന്ന പീഡനമാണ് മറ്റൊരു കാരണം. തന്റെ ഇഷ്ടാനിഷ്ടങ്ങളെ പങ്കാളി അവഗണിക്കുമ്ബോള്‍ തീർത്തും ഒറ്റപ്പെടുന്ന അവസ്ഥയില്‍ മറ്റൊരാളോട് മനസു തുറക്കാൻ ശ്രമിക്കും. ഇങ്ങനെ വന്നുചേരുന്നവരില്‍ അന്യന്റെ കുടുംബ പരാജയങ്ങള്‍ മുതലെടുക്കാൻ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും കിട്ടിയ അവസരം മുതലെടുക്കും.
വിരുന്നെത്തിയ സുഹൃത്തിന് ഹൃദയം കൈമാറികഴിയുമ്ബോള്‍ പങ്കാളിയോട് പകയും വെറുപ്പും വിദ്വേഷവും തുടങ്ങും. ജോലിയുമായി ഭർത്താവ് ദൂരസ്ഥലത്തായിരിക്കുമ്ബോള്‍ നേരമ്ബോക്കിന് തുടങ്ങുന്ന ഫോണ്‍, ചാറ്റിംഗ് ബന്ധം ഭർത്താവ് തിരികെയെത്തുമ്ബോള്‍ പിടിക്കപ്പെടുന്നതും, ഭർത്താവ് മടങ്ങിയെത്തുമ്ബോള്‍ അതുവരെ തുടർന്ന ബന്ധം നഷ്ടപ്പെടുമോയെന്ന ആശങ്ക മൂലം ഒളിച്ചോടുന്നതും കേരളത്തിലെ അനുഭവങ്ങളാണ്.
കൂടിച്ചേരലുകളും സൗഹൃദങ്ങള്‍ പുതുക്കലും സ്നേഹം പങ്കിടലുമൊക്കെ നല്ലകാര്യം തന്നെയാണ്. ക്ളാസ് മേറ്റുകളുടെ കൂടിച്ചേരല്‍ അടുത്തിടെ ട്രെൻഡായ സംഗതിയാണ്. ഇത്തരം സൗഹൃദവേദികളെ ദുഷ്ടലാക്കോടെ കാണുകയും ദുരുപയോഗങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്ന പ്രവണതയും വർദ്ധിക്കുന്നുണ്ട്. അടുത്ത കാലത്ത് ഇത്തരം കേസുകളുടെ എണ്ണം വർദ്ധിച്ചതായ പൊലീസ് വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്നതാണ് കണ്ണൂരിലെ പയ്യന്നൂരില്‍, സഹപാഠിയായിരുന്ന യുവതിയെ കൊലപ്പെടുത്തി സുഹൃത്ത് ജീവനൊടുക്കിയ സംഭവം. അത്തരം സംഭവപരമ്ബരകളിലേക്കുള്ള അന്വേഷണമാണ് നാളെ….
രണ്ടുവർഷം, 6000 ഒളിച്ചോട്ടം!
കഴിഞ്ഞ രണ്ടുവർഷത്തിനിടെ കേരള പൊലീസ് രജിസ്റ്റർ ചെയ്തത് ആറായിരത്തിലേറെ ഒളിച്ചോട്ട കേസുകളാണ്. ഇതില്‍ അറുപത്തിയഞ്ച് ശതമാനത്തോളം പേരും വിവാഹിതരായ സ്ത്രീകളാണ്. 35 ശതമാനം മാത്രമാണ് അവിവാഹിതർ. ഭർതൃമതികളായ സ്ത്രീകളില്‍ പതിനഞ്ചു ശതമാനവും തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ യുവാക്കളോടൊപ്പമാണ് ഒളിച്ചോടിയത്. ഇതില്‍ പത്തുശതമാനവും ഒന്നോ രണ്ടോ കുട്ടികളുടെ അമ്മമാരാണ്. നൊന്തു പ്രസവിച്ച മക്കളെ വരെ ഉപേക്ഷിച്ചാണ് അമ്മമാരുടെ ഒളിച്ചോട്ടം!
മരുമകളോ മകളോ ഒളിച്ചോടിയതിന്റെ പേരില്‍ വീടുവിറ്റ് നാട്ടില്‍നിന്നുതന്നെ പലായനം ചെയ്യേണ്ടിവന്ന കുടുംബങ്ങളും നിരവധി. വിവാഹമോചന നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം വിവാഹേതരബന്ധം മുഖേനയുള്ള ഒളിച്ചോട്ട കണക്കുകളിലും മുന്നിലെത്താൻ മത്സരിക്കുകയാണ്. ഒരുവർഷം മുപ്പതിനായിരത്തിലേറെ വിവാഹമോചന കേസുകളാണ് കുടുംബകോടതികളുടെ പരിഗണനയിലെത്തുന്നത്. അവിഹിത ബന്ധങ്ങളാണ് ഇതില്‍ മിക്ക കേസുകളിലെയും പ്രധാന കാരണം.
ഭാര്യാഭർത്താക്കന്മാരുടെ വിവാഹേതര ബന്ധങ്ങള്‍ കേരളത്തില്‍ അടുത്ത കാലത്തായി വർദ്ധിച്ചു വരുകയാണ്. മടിയോ മറയോ ഇല്ലാതെ ഭാര്യയും ഭർത്താവും പരസ്പരം അവിഹിത ബന്ധങ്ങള്‍ ആസ്വദിക്കുന്ന സാഹചര്യം. പണ്ടൊക്കെ ദാമ്ബത്യത്തിലെ സ്വരച്ചേർച്ചയില്ലായ്മകള്‍ ബന്ധുക്കളോട് പങ്കുവയ്ക്കുമായിരുന്നെങ്കില്‍ അണുകുടുംബങ്ങളിലേക്ക് ജീവിതം പറിച്ചുനട്ടതോടെ ചിന്തകളും വിചാരങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്ക്കാൻ സ്ത്രീകള്‍ക്ക് ഒരിടം ഇല്ലാതെ വന്നിരിക്കുന്നു.
ഫേസ്ബുക്കിലും വാട്‌സ്‌ആപ്പിലും ‘ഫീലിംഗ് സാഡും” ‘ഫീലിങ് ആൻഗ്രി”യും പോലുള്ള സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നവരെ ആശ്വസിപ്പിക്കാൻ നൂറുകണക്കിന് അപരിചിതർ ‘വാട്‌സ് റോങ് വിത്ത് യു” എന്നു ചോദിച്ചെത്തുന്ന കാലമാണിത്. ഇവരുടെ വഴിവിട്ടുള്ള ആശ്വാസ സാമീപ്യത്തില്‍ അകപ്പെട്ടുപോയാല്‍ പലപ്പോഴും അത് അരുതാത്ത ബന്ധത്തിലേക്കാകും നയിക്കുക. പിന്നീടൊരിക്കല്‍ അവിഹിത ബന്ധത്തിന് തടസം നേരിടുമ്ബോള്‍, നേരത്തേ അയച്ച മെസേജുകളും നഗ്‌നചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തുന്നതും പലരും നേരിട്ട ദുരനുഭവമാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക