കാബൂള്‍: അഫ്ഗാനിലെ മൂന്നു വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളും താലിബാനെ ഭയപ്പെടാതെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളുമായ സലീമ മസാരിയെ പിടികൂടി.കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് സലീമയെ താലിബാന്‍ പിടികൂടിയതെന്നാണു റിപ്പോര്‍ട്ട്. രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് സലീമ. താലിബാന്‍ പിടിച്ച ശേഷം നിലവില്‍ ഇവരുടെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല.

അഫ്ഗാനിലെ മറ്റു നേതാക്കള്‍ രാജ്യം വിട്ടപ്പോഴും ബല്‍ക്ക് പ്രവിശ്യ വീഴുന്നതു വരെ സലീമ ചെറുത്തുനിന്നിരുന്നു.പല പ്രവിശ്യകളും വലിയ എതിര്‍പ്പ് കൂടാതെ താലിബാനു മുന്നില്‍ കീഴടങ്ങിയപ്പോള്‍ സലീമയുടെ നേതൃത്വത്തില്‍ ബല്‍ക്ക് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ല ശക്തമായ ഏറ്റുമുട്ടല്‍ നടത്തി. അവസാനഘട്ടം വരെ താലിബാനു കീഴടങ്ങാതെനിന്ന സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഏകമേഖലയായിരുന്നു ചഹര്‍ കിന്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം സലീമയുടെ ഇടപെടലിനെ തുടര്‍ന്ന് 100 താലിബാന്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. സോവിയറ്റ് യുദ്ധകാലത്ത് അഫ്ഗാനില്‍നിന്ന് ഇറാനിലേക്കു കടന്ന കുടുംബത്തില്‍പെട്ടയാളാണ് സലീമ. ഇറാനില്‍ ജനിച്ച അവര്‍ ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. തുടര്‍ന്ന് അവിടുത്തെ സര്‍വകലാശാലകളില്‍ ജോലി ചെ​യ്തതിനും ശേഷമാണ് അഫ്ഗാനില്‍ ഇവര്‍ തിരിച്ചെത്തിയത്. 2018 ല്‍ ആയിരുന്നു ചഹര്‍ കിന്റ് ജില്ലാ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രാദേശിക അക്രമ ഗ്രൂപ്പുകളില്‍നിന്ന് ജില്ലയിലെ ജനങ്ങളെ സംരക്ഷിക്കുകയെന്ന ദൗത്യവും സലീമ ഏറ്റെടുത്തു. 2019ല്‍ നാട്ടിലെ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി സുരക്ഷാ കമ്മിഷന്‍ രൂപീകരിച്ചു. ഗ്രാമീണരെയും ആട്ടിടയന്മാരേയും തൊഴിലാളികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തി. രണ്ടു വര്‍ഷമായി പ്രാദേശിക സംഘങ്ങളെ ശക്തമായി ചെറുക്കാന്‍ സലീമയുടെ നേതൃത്വത്തില്‍ കഴിഞ്ഞു. നിരവധി തവണ സലീമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക