കോട്ടയം നഗരത്തിലെ വിവിധ ഭാഗങ്ങളിലും ഡിസിസി ഓഫീസിനു മുന്നിലും ഇന്ന് ഉമ്മൻചാണ്ടിക്കെതിരെ പോസ്റ്ററുകൾ പതിപ്പിച്ച നീക്കം ആസൂത്രിതമായി നടന്നതെന്ന് സൂചനകൾ. ഉമ്മൻചാണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ തമ്മിൽ ഭിന്നിപ്പ് ഉണ്ടാക്കുകയായിരുന്നു ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് ചില സൂചനകളാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. ഡിസിസി അധ്യക്ഷൻ സ്ഥാനത്തെ ചൊല്ലി ഉമ്മൻചാണ്ടിയും, തിരുവഞ്ചൂർ രാധാകൃഷ്ണനും വിരുദ്ധ ധ്രുവങ്ങളിലാണ് എന്ന പ്രചരണം നടത്തുകയും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് നീക്കങ്ങൾക്ക് പിന്നിൽ എന്നാണ് കോൺഗ്രസിൽ നിന്നു തന്നെ ഉയരുന്ന ആരോപണം.

ഉമ്മൻ ചാണ്ടിയുടെ താൽപര്യത്തിന് വിരുദ്ധമായി കോട്ടയം ജില്ലയിൽ ഒരു ഡിസിസി അധ്യക്ഷൻ ഉണ്ടാകാനുള്ള സാധ്യതകൾ തീരെയില്ല. ഇത്തരത്തിൽ ഉമ്മൻചാണ്ടിയെ തഴഞ്ഞ് ഒരു നീക്കം നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നുമില്ല. ഇത് വ്യക്തമാക്കുന്നതായിരുന്നു ഇന്ന് കെ സി വേണുഗോപാൽ നടത്തിയ പ്രസ്താവന. ഇതിനു വിരുദ്ധമായി ഉമ്മൻ ചാണ്ടിയുടെ താൽപര്യങ്ങൾ കണക്കിലെടുക്കാതെയാണ് കോട്ടയത്ത് അധ്യക്ഷ പദവിയിലേക്ക് ആളെ നിയോഗിക്കുക എന്ന രീതിയിൽ കോൺഗ്രസ് വൃത്തങ്ങളിൽ തന്നെ സജീവമായ ചർച്ചകൾ കഴിഞ്ഞദിവസങ്ങളിൽ നടന്നിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന് ജില്ലയിൽ മേൽകോയ്മ ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉമ്മൻചാണ്ടിയെ നേതൃത്വം അവഗണിക്കുന്നു എന്ന പ്രചരണവും സജീവമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിൽ യാതൊരു അടിസ്ഥാനവുമില്ല എന്നും, കോട്ടയം ഡിസിസി അധ്യക്ഷ പദവിയിലേക്കുള്ള നിയമനം ഉമ്മൻചാണ്ടിയുടെ താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ട് മാത്രമേ നടത്തുകയുള്ളൂ എന്നുമാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. മറിച്ച് ഒരു ആലോചന പോലും ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ല എന്നും ഈ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഉമ്മൻചാണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിപ്പ എന്ന രീതിയിൽ പ്രചരണം നടത്തി മുതലെടുപ്പ് നടത്തുവാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണ് പോസ്റ്റർ യുദ്ധത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

പോസ്റ്ററിലെ വാക്കുകളിൽനിന്ന് മനസ്സിലാകുന്നത് നാട്ടകം സുരേഷ് ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് തടയുവാനുള്ള നീക്കം കൂടിയാണ് നടക്കുന്നതെന്നാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെ പോസ്റ്ററിൽ ഉയർത്തുന്നത്. ഒരു പ്രത്യേക സമുദായത്തിൻറെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തെ ചിത്രീകരിക്കുവാനും നീക്കങ്ങൾ നടക്കുന്നുണ്ട്. നിലവിൽ സർവ സ്വീകാര്യനായി പട്ടികയിൽ ഏറ്റവും മുൻതൂക്കം ലഭിച്ചിരിക്കുന്ന വ്യക്തിയെ സമുദായ വാദിയായി ചിത്രീകരിക്കുകയും, ആരോപണങ്ങളുടെ സംശയ മുനയിൽ നിർത്തുകയും ചെയ്താൽ ഈ മുൻതൂക്കം ഇല്ലാതാക്കാം എന്നും നീക്കത്തിന് പിന്നിൽ ഉള്ളവർ കരുതുന്നുണ്ടാവണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക