ജില്ലയിലെ സർക്കാർ കരാറുകാർ കടുത്ത പ്രതിസന്ധിയിലാണ്, സർക്കാരില്‍ നിന്ന് കിട്ടാനുള്ളത് 200 കോടി 40 ലക്ഷം രൂപയോളമുണ്ട്.പൂർത്തീകരിച്ച പണികളുടെ തുക കിട്ടാതായിട്ട് രണ്ടു വർഷത്തോളമായി. ഈ നിലയില്‍ പുതിയ പണികള്‍ എങ്ങനെ ഏറ്റെടുക്കാനാകുമെന്ന് കരാറുകാർ ചോദിക്കുന്നു. വാട്ടർ അതോറിറ്റിയാണ് വലിയ തുക കുടിശിക വരുത്തിയത്.
പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ ഒരു വർഷത്തെ ബില്‍ തുക കുടിശികയായി. ബാങ്കില്‍ നിന്ന് വായ്പ എടുത്തും സ്വന്തം പണം മുടക്കിയുമാണ് കരാറുകാർ നിർമാണങ്ങള്‍ പൂർത്തിയാക്കുന്നത്. നാല്‍പ്പത് വർഷത്തോളമായി ഈ മേഖലയില്‍ പ്രവർത്തിക്കുന്നവരുണ്ട്. മറ്റു തൊഴില്‍ മേഖലയിലേക്ക് പോകാൻ കഴിയാത്തതുകൊണ്ട് പിടിച്ചു നില്‍ക്കുന്നുവെന്നു മാത്രം. യുവാക്കളായ കരാറുകാർ ലൈസൻസ് പുതുക്കാതെ മേഖല വിട്ടുപോകുന്നുമുണ്ട്. പലരും പണികളില്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ചിരിക്കുകയാണ്.
-->
സാമ്ബത്തിക പ്രതിസന്ധിയും പഴയ മാനദണ്ഡവും
സർക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധിക്കൊപ്പം നിർമാണ സാമഗ്രികള്‍ക്ക് 2018ലെ വില സർക്കാർ മാനദണ്ഡമാക്കുന്നതും കരാറുകാരെ കഷ്ടത്തിലാക്കുന്നു. നിർമാണ സാമഗ്രികളുടെ വില ആറ് വർഷമായി കുതിച്ചുയരുകയാണ്. വില പുതുക്കാമെന്ന സർക്കാരിന്റെ വാക്ക് വിശ്വാസിച്ചാണ് പലരും മേഖലയില്‍ തുടരുന്നത്. ഇനി പുതുക്കിയാല്‍ തന്നെ ഈ വർഷത്തെ വില മാനദണ്ഡമാക്കുമെന്ന് ഉറപ്പില്ല. സർക്കാർ നിശ്ചയിച്ച കരാർ തുകയ്ക്കുള്ളില്‍ പണി തീർത്തുകഴിഞ്ഞാലും ഗുണനിലവാര പരിശോധനയും വിജിലൻസ് പരിശോധനയും നടത്തി പീഡിപ്പിക്കുന്നുവെന്നാണ് കരാറുകാരുടെ ആക്ഷേപം.
നിർമാണ സാമഗ്രികളുടെ വില സർക്കാർ നിശ്ചയിച്ചത്
( ബ്രാക്കറ്റില്‍ പൊതുവിപണി)
സിമന്റ് (ഒരു ചാക്കിന് ) : 241 (380 – 400).
കമ്ബി (കിലോയ്ക്ക്) : 85 (കെട്ടുകൂലിയും സൈറ്റില്‍ എത്തിക്കുന്നതിനും 100 – 105)
മെറ്റല്‍ ഒരടിക്ക് : 52 (65)
ടാർ (ഒരു ബാരലിന്) : 7500 (11000)
സർക്കാരിന് ഇഷ്ടം ഊരാളുങ്കലിനെ
വൻ തുക കുടിശിക വരുത്തിയതിന് ഗവ.കരാറുകാർ സമരരംഗത്തേക്ക് കടന്നതോടെ സർക്കാരിന്റെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം ഊരാളുങ്കൽ സൊസൈറ്റിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ സ്റ്റേഡിയം, കോമളം പാലം തുടങ്ങി ജില്ലയിലെ പ്രധാന പദ്ധതികളുടെ ചുമതല ഊരാളുങ്കലിനാണ്. എസ്റ്റിമേറ്റ് തുകയുടെ മുപ്പത് ശതമാനം വരെ കൂട്ടിയാണ് അവർക്ക് കരാർ നല്‍കിയതെന്ന് കരാറുകാർ ആരോപിച്ചു.
ജില്ലയില്‍ മുപ്പത് വർഷത്തിനുള്ളില്‍ കൊഴിഞ്ഞുപോയത് : 1600 കരാറുകാർ
കരാറുകാരെ അവഗണിക്കുന്ന സർക്കാർ നയം കാരണം ഒട്ടേറെ ആളുകള്‍ മേഖല വിട്ടുപോയി. സർക്കാർ പ്രത്യേക സാമ്ബത്തിക പാക്കേജ് നടപ്പാക്കുകയും ജി.എസ്.ടി പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണം.
വർഗീസ് കണ്ണമ്ബള്ളി, കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക