കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും, ചെയർമാൻ ജോസ് കെ മാണിക്കും കനത്ത തിരിച്ചടിയായി മാറുകയാണ് പാലാ നിയോജക മണ്ഡലത്തിലെ എലിക്കുളം പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം. 159 വോട്ടിൻറെ മൃഗീയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ കേരള കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ് വിജയിക്കേണ്ടത് ജോസ് കെ മാണിയുടെ വ്യക്തിപരമായ ആവശ്യം കൂടിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ഏറ്റ് പരാജയത്തിൻറെ ആഘാതം കുറയ്ക്കുവാൻ ഉപതെരഞ്ഞെടുപ്പു വിജയം സഹായിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പാർട്ടി മന്ത്രിയായ റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ ജയരാജ്, പാർട്ടിയുടെ എംപി, എംഎൽഎമാർ എന്നിവർ ഏലംകുളത്ത് തമ്പടിച്ച് കാടിളക്കി ഉള്ള പ്രചാരണമാണ് നടത്തിയത്.

യുഡിഎഫിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി ജെയിംസ് ജീരകം ആണ് മത്സരരംഗത്ത് ഇറങ്ങിയത്. കോൺഗ്രസിനും യുഡിഎഫിനും ഇത് അഭിമാന പോരാട്ടമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴും യുഡിഎഫ് കോട്ട എന്ന് പേര് പാലാ നിലനിർത്തുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി കാപ്പനിലൂടെ നേടിയ മിന്നും വിജയത്തിൻറെ തനിയാവർത്തനമാണ് എലിക്കുളം ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് ലഭിച്ചത്. യുഡിഎഫ് ഐക്യവും, സ്വീകാര്യതയും വിളിച്ചോതുന്ന തെരഞ്ഞെടുപ്പ് ഫലം എന്നാണ് യുഡിഎഫ് നേതാക്കളുടെ വിജയത്തെക്കുറിച്ചുള്ള പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോസ് കെ മാണിക്കും, കേരള കോൺഗ്രസിനും ശക്തമായ അപായ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഇടത് ബാന്ധവം പാലായിലെ ജനങ്ങൾ അംഗീകരിച്ചിട്ടില്ല എന്നുതന്നെ വേണം ഫലം വിലയിരുത്തുമ്പോൾ മനസ്സിലാക്കാൻ. സർക്കാർ സംവിധാനങ്ങളും, അധികാരവും പൂർണ്ണമായി അനുകൂമായിരുന്നിട്ടും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് കേരള കോൺഗ്രസ് ക്യാമ്പുകളിൽ മ്ലാനത പടർത്തിയിരിക്കുകയാണ്. നേരിട്ടുള്ള ഏറ്റുമുട്ടലിൽ കോൺഗ്രസിനോട് ഏറ്റുവാങ്ങേണ്ടിവന്ന കനത്ത പരാജയം കേരള കോൺഗ്രസിന് ഉയർത്തുന്നത് അസ്ഥിത്വ വെല്ലുവിളിയാണ്. നിയമസഭാ കയ്യാങ്കളി കേസിൽ കെ എം മാണിക്ക് നേരിടേണ്ടിവന്ന അപമാനങ്ങളെ തിരസ്കരിച്ച് എൽഡിഎഫ് അനുകൂല നിലപാട് ചെയർമാൻ സ്വീകരിച്ചത് തിരിച്ചടിയായിട്ടുണ്ട് എന്ന് പാർട്ടി കേന്ദ്രങ്ങളിൽ തന്നെ ഇപ്പോൾ അടക്കം പറച്ചിലുണ്ട്.

പാലായിൽ പരാജയപ്പെട്ടിട്ടും ഘടകകക്ഷി ചെയർമാൻ എന്ന നിലയിൽ മണ്ഡലത്തിൽ നിർണായക ഇടപെടൽ നടത്തി പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങളാണ് ജോസ് കെ മാണിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ പാലാ ഏതുവിധേനയും തിരിച്ചുപിടിക്കും എന്നതായിരുന്നു കേരള കോൺഗ്രസ് അവകാശവാദം.എലിക്കുളത്ത് വിജയിച്ചാൽ പാലായിൽ തിരിച്ചു വരാമെന്നുള്ള വിശ്വാസത്തിലായിരുന്നു ജോസ് കെ മാണിയും കൂട്ടരും. ഇതിനായി ടോമി ഇടയോടിയിലിനെ സ്ഥാനാർത്ഥിയാക്കി ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ വാർഡിൽ നടത്തിയിരുന്നത്. ജോസ് കെ മാണിയും മന്ത്രിമാരും അടക്കം ഇവിടെ വീടുവീടാന്തരം കയറി ഇറങ്ങി പ്രചാരണം നടത്തിയിരുന്നു. എന്നിട്ടും വിജയിക്കാനാകാത്തത് തിരിച്ചടിയായി.

യു ഡി എഫിന്റെ ജെയിംസ് ചാക്കോ ജീരകം മുൻ എം എൽ എ ജെ എ ചാക്കോയുടെ പുത്രനെന്ന നിലയിലും മുൻ പഞ്ചായത്ത് മെമ്പറെന്ന നിലയിലും ജനപ്രിയനാണ്. യു ഡി എഫ് വിജയിച്ചെങ്കിലും എലിക്കുളം പഞ്ചായത്തിലെ എൽ ഡി എഫ് ഭരണത്തെ ഈ വിജയം തെല്ലും ബാധിക്കില്ല.16 അംഗ പഞ്ചായത്തിൽ 9 അംഗങ്ങൾ എൽ ഡി എഫിനെയാണ് പിന്തുണയ്ക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിലെ അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്നും രാജി വച്ച് സ്വതന്ത്രനായി മത്സരിച്ച ജോജോ ചീരാംകുഴിയാണ് വിജയിച്ചത്. സ്ഥാനമേൽക്കുന്നതിന് മുൻപ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ജോജോ ചീരാം കുഴി മരിച്ചു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക