തൊടുപുഴ: വാഹനാപകടങ്ങള്‍ കുറയ്ക്കുക, എല്ലാവരും നിയമം പാലിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെ കര്‍ശന പരിശോധനയുമായി മോട്ടോര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.

ജില്ലയില്‍ ഫെബ്രുവരി മാസത്തിലെ വാഹന പരിശോധനയില്‍ നിയമ ലംഘനത്തിന് 3018 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിഴത്തുകയായി 52,78,800 രൂപ ഈടാക്കുകയും ചെയ്തു. ഇരുചക്ര വാഹന നിയമലംഘനവുമായി ബന്ധപ്പെട്ട് ഹെല്‍മറ്റ് വക്കാത്തതിന് 864 കേസുകളും മൂന്നുപേര്‍ യാത്ര ചെയ്തതിന് 165, സാരി ഗാര്‍ഡ്, മഡ്ഗാര്‍ഡ് ഉപയോഗിക്കാത്തതിന് 12, രൂപ-ശബ്ദ മാറ്റം വരുത്തിയതിന് 153 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇരുചക്രവാഹന പരിശോധനയിലൂടെ മാത്രം 10 ലക്ഷത്തിലധികം രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുചക്ര വാഹനങ്ങളുടെ അമിത വേഗതയും, കോളേജ് വിദ്യാര്‍ത്ഥികളുടെ ബൈക്ക് റൈഡിംഗും അപകടങ്ങള്‍ പെരുകാന്‍ കാരണമായിട്ടുണ്ട്. വരും ആഴ്ചകളില്‍ ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേരെ വച്ച്‌ സഞ്ചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോളേജ് പരിസരം, മൈതാനങ്ങള്‍ എന്നിവിടങ്ങളിലും നിരീക്ഷണമുണ്ടാകും. അപകട മരണങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.

വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ നിരീക്ഷണവും ശക്തമാക്കും. ഏപ്രില്‍ ആദ്യവാരം ക്യാമറകള്‍ പ്രവര്‍ത്തന ക്ഷമമാകും. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിലായി 72 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കും. ഇതിന്റ ആദ്യ ഘട്ടമായി 12 ക്യാമറകള്‍ തൊടുപുഴ നഗരത്തില്‍ സ്ഥാപിച്ചു. ജില്ലയില്‍ ജനുവരി മാസത്തില്‍ ഉണ്ടായ അപകടങ്ങളില്‍ 12 പേര്‍ മരണമടഞ്ഞിരുന്നു. നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചതോടെ ഫെബ്രുവരി മാസത്തിലെ അപകടമരണങ്ങളുടെ എണ്ണം നാലായി കുറഞ്ഞതായും ഇടുക്കി ജില്ല മോട്ടോര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എ നസീര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക