
കണ്ണൂരില്‍ കൃത്രിമ സാഹചര്യത്തില്‍ അടവച്ച രാജവെമ്ബാലയുടെ മുട്ടകള്‍ വിരിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ മുതലാണ് മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തിറങ്ങിയത്. ആകെ 31 മുട്ടകളാണുണ്ടായിരുന്നത്. ഇതില്‍ 16 മുട്ടകള്‍ വിരിഞ്ഞു. വനം വകുപ്പ് വാച്ചറും മാർക്ക് സംഘടനയുടെ അനിമല്‍ റെസ്ക്യുവറുമായ ഷാജി ബക്കളത്തിൻ്റെ സംരക്ഷണത്തിലാണ് രാജവെമ്ബാല കുഞ്ഞുങ്ങള്‍ വിരിഞ്ഞത്.
കഴിഞ്ഞ ഏപ്രില്‍ 20നാണ് ഷാജി ബക്കളത്തിനെ തേടി കരുവഞ്ചാല്‍ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ. മധുവിൻ്റെ ഫോണ്‍ വിളി എത്തുന്നത്. കുടിയാൻമല കനകകുന്നില്‍ ലോനപ്പൻ എന്നയാളുടെ കൊക്കോ തോട്ടത്തില്‍ രാജവെമ്ബാലയുണ്ടെന്നും അതിനെ പിടികൂടി കാട്ടിലേക്ക് വിടണമെന്നുമായിരുന്നു മധു ഷാജിയോട് ആവശ്യപ്പെട്ടത്. ഉടനെ തന്നെ ഷാജി ഫോറസ്റ്റ് ബീറ്റ് ഓഫിസർ നികേഷ്, പ്രിയ എന്നിവരോടൊപ്പം സ്ഥലത്തെത്തിയെങ്കിലും രാജവെമ്ബാല സമീപത്തെ തോട്ടിലേക്ക് രക്ഷപ്പെട്ടു.തുടർന്ന് നടത്തിയ പരിശോധനയിലാണ് 31 മുട്ടകള്‍ കണ്ടെത്തിയത്. മുട്ടകള്‍ കണ്ടെത്തിയ സ്ഥലത്ത് തന്നെ സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യത്തില്‍ റെയ്ഞ്ച് ഓഫിസറുടെ നിർദ്ദേശപ്രകാരം മുട്ടകള്‍ കടമ്ബേരിയിലെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു. പ്ലാസ്റ്റിക്ക് കൊട്ടയില്‍ ഉണങ്ങിയ മുളയുടെ ഇലകള്‍ വിരിച്ച് മുട്ടകള്‍ അടവച്ചു. ആവശ്യത്തിന് തണുപ്പ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കി ദിവസവും നിരീക്ഷിച്ച് വരികയായിരുന്നു.