
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയം. 16 റണ്‍സിനാണ് ബാംഗ്ലൂര്‍ വിജയം കണ്ടത്. ദിനേശ് കാര്‍ത്തികിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് റോയല്‍സിന് വിജയം കൊണ്ടുവന്നത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍190 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. ഡല്‍ഹിയുടെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173ല്‍ ഒതുങ്ങുകയായിരുന്നു. ഡല്‍ഹിക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ 66 റണ്‍സെടുത്തെങ്കിലും വിജയം കണ്ടില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ദിനേഷ് കാര്‍ത്തിക്കാണ് ബാംഗ്ലൂരിനെ 189 റണ്‍സിലെത്തിച്ചത്. 34 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് അഞ്ച് വീതം സിക്സും ഫോറുമടക്കം 66 റണ്‍സോടെ പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ ഷഹബാസ് അഹമ്മദിനെ കൂട്ടുപിടിച്ച് കാര്‍ത്തിക്ക് 97 റണ്‍സാണ് ബാംഗ്ലൂര്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 21 പന്തുകള്‍ നേരിട്ട ഷഹബാസ് 32 റണ്‍സോടെ പുറത്താകാതെ നിന്നു.അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്സ്വെല്ലും ബാംഗ്ലൂരിനായി തിളങ്ങി. 34 പന്തുകള്‍ നേരിട്ട മാക്സ്വെല്‍ രണ്ട് സിക്സും ഏഴ് ഫോറുമടക്കം 55 റണ്‍സെടുത്തു.