കൊല്‍ക്കത്ത: മൂന്നു വര്‍ഷം മുമ്ബ് സ്വന്തം സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശത്രുഘന്‍ സിന്‍ഹ തീര്‍ത്തത് അയല്‍ സംസ്ഥാനത്ത് നേടിയ തകര്‍പ്പന്‍ ജയത്തിലൂടെ. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തില്‍ മൂന്നുലക്ഷത്തിലേറെ വോട്ടിനാണ് ഹിന്ദി സിനിമയിലെ മുന്‍ സൂപ്പര്‍താരമായ സിന്‍ഹയുടെ ശത്രുസംഹാരം. ബി.ജെ.പിയുടെ അഗ്നിമിത്ര പോളാണ് 76കാരനായ സിന്‍ഹക്കുമുന്നില്‍ അടിയറവ് പറഞ്ഞത്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്‌ പട്ന സഹാബിലെ പരാജയത്തോടെ രാഷ്ട്രീയവനവാസത്തിലായ സിന്‍ഹയുടെ ശക്തമായ തിരിച്ചുവരവാണിത്. 80കളുടെ അവസാനം ബി.ജെ.പിയില്‍ ചേര്‍ന്ന സിന്‍ഹ 1992ല്‍ ന്യൂഡല്‍ഹി ലോക്സഭ സീറ്റിലെ ഉപതെരഞ്ഞെടുപ്പിലാണ് മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അന്ന് സിനിമരംഗത്തെ മറ്റൊരു സൂപ്പര്‍താരവും തന്റെ അടുത്ത സുഹൃത്തുമായ കോണ്‍ഗ്രസിന്റെ രാജേഷ് ഖന്നയോട് തോറ്റെങ്കിലും എ.ബി. വാജ്പേയിയുടെയും എല്‍.കെ. അദ്വാനിയുടെയും അടുപ്പക്കാരനായി തുടര്‍ന്ന സിന്‍ഹക്ക് രാജ്യസഭ സീറ്റ് കിട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1996 മുതല്‍ 2008 വരെ രാജ്യസഭ അംഗമായി തുടര്‍ന്ന സിന്‍ഹ വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയുമായി. 2009ലും 2014ലും പട്ന സഹാബില്‍നിന്ന് ജയിച്ച്‌ ലോക്സഭാംഗമായി. 2014ല്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ അവസരം നിഷേധിക്കപ്പെട്ടതില്‍ ക്ഷുഭിതനായ സിന്‍ഹ നിരന്തരം ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശന ശരങ്ങള്‍ തൊടുത്തു. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കാതിരുന്നതോടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ തോറ്റതോടെ കോണ്‍ഗ്രസ് വിട്ട് ഈവര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക