മലയാള സിനിമയിൽ നിർമ്മാതാവിന് ഇന്ന് ഒരു വിലയുമില്ല; പൈസ ഇല്ലെങ്കിൽ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആരും അന്വേഷിക്കില്ല: മോഹൻലാലിനെയും, പൃഥ്വിരാജിനെയും, ഫഹദ് ഫാസിലിനെയും വെച്ച് സിനിമകൾ നിർമ്മിച്ച് വഴിയാധാരമായ എ എസ് ഗിരീഷ് ലാൽ എന്ന നിർമ്മാതാവ് തുറന്നടിക്കുന്നു.
മലയാള സിനിമയുടെ ഗ്ലാമറിന് പുറകിലുള്ള ഇരുണ്ട വശം പങ്കുവച്ച് നിര്‍മ്മാതാവ് ഗിരീഷ് ലാല്‍. മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പോലുള്ള വലിയ താരങ്ങളെ വച്ച് സിനിമയൊരുക്കിയ നിര്‍മ്മാതാവാണ് ഗിരീഷ് ലാല്‍. എന്നാല്‍ ഇന്ന് അദ്ദേഹം ജീവിക്കുന്നത് വാടക വീട്ടിലാണ്. തനിക്ക് സംഭവിച്ചതിനെക്കുറിച്ച് അദ്ദേഹം മനസ് തുറക്കുകയാണ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം:
”മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ ചരിത്രം നോക്കിയാല്‍ സിനിമ വിതരണക്കാര്‍ക്ക് കൊടുത്തിട്ടുള്ള ഒരു നിര്‍മ്മാതാവിനും മുടക്കിയ പണം തിരികെ കിട്ടിയിട്ടുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിലൊക്കെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. മാണിക്യക്കല്ല് നന്നായിട്ട് ഓടി. പക്ഷെ നിര്‍മ്മാതാവിന് കാശ് കിട്ടിയില്ലെന്നതാണ് സത്യം. വളരെ ചുരുക്കമായിട്ടേ പണം റിക്കവറായി കിട്ടുകയുള്ളൂ” ഗിരീഷ് ലാല്‍ പറയുന്നു.
വസ്തുവും സ്ഥലവുമൊക്കെ സിനിമയില്‍ വന്നപ്പോള്‍ തന്നെ നഷ്ടപ്പെട്ടു. എന്റെ മാത്രമല്ല മലയാളസിനിമയിലെ 99 ശതമാനം നിര്‍മ്മാതക്കളും വളറെ പരിതാപകരമായ അവസ്ഥയിലാണ്. കുറേ പ്രശ്‌നങ്ങള്‍ ഞങ്ങളുടെ ഭാഗത്തു തന്നെയുണ്ട്. മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ന് യാതൊരു വാല്യുവുമില്ല. മറ്റ് ഇന്‍ഡസ്ട്രികളിൽ നിര്‍മ്മാതാക്കള്‍ക്കാണ് ഇന്നും വാല്യു എന്നും ഗിരീഷ് ലാല്‍ പറയുന്നു.
പഴയ തലമുറയുടെ കാലത്ത് നിര്‍മ്മാതാവാണ് സിനിമയുടെ മെയിന്‍, അവരാണ് തീരുമാനം എടുക്കുന്നത്. ഇന്ന് എല്ലാം കൈവിട്ടു പോയി. മലയാളത്തില്‍ ഏത് ടെക്‌നീഷ്യന്‍സിന്റേയും പിന്നിലൊരു നിര്‍മ്മാതാവുണ്ട്. നിര്‍മ്മാതാവില്ലെങ്കില്‍ സിനിമയില്ല. താരം ജനിക്കുന്നതും സംവിധായകന്‍ ജനിക്കുന്നതും തിരക്കഥാകൃത്ത് ജനിക്കുന്നതുമെല്ലാം നിര്‍മ്മാതാവ് കാരണമാണ്. എന്നിട്ട് അവസാനം അവന്റെ സ്ഥിതിയെന്താണ്? അദ്ദേഹം ചോദിക്കുന്നു.
നിര്‍മ്മാതാവിന് കാശ് കിട്ടിയാല്‍ കിട്ടി. അവസാനം ഭാര്യയുടെ കെട്ടുതാലി വരെ വില്‍ക്കേണ്ടി വരും. സിനിമയില്‍ ഒരാളും പത്ത് പൈസയുടെ വിട്ടുവീഴ്ച ചെയ്യില്ല. യാതൊരു കമ്മിറ്റ്‌മെന്റുമില്ല. പൈസയോട് മാത്രമാണ് കമ്മിറ്റ്‌മെന്റ്.
ഞാന്‍ മനസിലാക്കിയ സിനിമയില്‍ അതേയുള്ളൂ. ഞാന്‍ അഞ്ച് സിനിമ നിര്‍മ്മിച്ചയാളാണ്. പെട്ടെന്ന് വീണുപോയി, അല്ലെങ്കില്‍ രണ്ട് മൂന്ന് വര്‍ഷമായി ഇന്‍ഡസ്ട്രിയിലില്ല, ജീവിച്ചിരിക്കുന്നുവോ എന്ന് പോലും ആരും അന്വേഷിക്കില്ല എന്നാണ് ഗിരീഷ് ലാല്‍ പറയുന്നത്. മോഹന്‍ലാലിനെ വച്ച് രണ്ട് സിനിമയെടുത്തു, പൃഥ്വിരാജിനെ വച്ച് സിനിമയെടുത്തു, ശ്രീനിയേട്ടനെ വച്ച് സിനിമയെടുത്തു, ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷിക്കുന്ന ഒരു ഫോണ്‍കോള്‍ പോലും മലയാള സിനിമയില്‍ നിന്നും ഉണ്ടാകില്ല. പൈസയുണ്ടോ സിനിമയുണ്ട്. പൈസയില്ലെങ്കില്‍ വീട്ടിലിരിക്കാം. ഞാന്‍ കടക്കാരന്‍ ആയാല്‍ എന്റെ വീട്ടുകാര്‍ അനുഭവിക്കും, പക്ഷെ ഇവരൊന്നും നോക്കില്ല.
പണ്ട് നിര്‍മ്മാതാവിന് നഷ്ടം വന്നാല്‍ പ്രേം നസീല്‍ വിളിച്ച് സിനിമ കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ മലയാള സിനിമയില്‍ ഇനി അങ്ങനൊരു കാലമുണ്ടാകുമെന്ന് തോന്നുന്നില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കില്ല. നമ്മള്‍ വിളിച്ചാലോ അവന്‍ പൈസ ചോദിക്കാന്‍ വിളിക്കുകയായിരിക്കുമെന്ന് കരുതി ഫോണ്‍ എടുക്കത്തുമില്ല. മലയാള സിനിമയുടെ ശാപമാണ്. എത്ര കിട്ടിയാലും ഇവര്‍ക്ക് പൈസയോടുള്ള ആര്‍ത്തി തീരില്ല.
സിനിമയെടുക്കാന്‍ വരുന്നവര്‍ ആ മീഡിയത്തെക്കുറിച്ച് നന്നായി പഠിക്കണം. പഠിക്കാതെ ഒരാളും സിനിമയെടുക്കാന്‍ വരരുത്. എന്നോടും പലരും പറഞ്ഞിരുന്നു. ഞാന്‍ കേട്ടില്ല. പക്ഷെ എനിക്ക് എന്റെ സ്വത്തൊക്കെ നഷ്ടമായി. ഞാനിന്ന് വാടകയ്ക്കാണ് താമസിക്കുന്നത്. നല്ല സ്വത്തുണ്ടായിരുന്ന ആളായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കും ജോലിയുള്ളത് കൊണ്ട് മാത്രമാണ് ജീവിച്ചുപോകുന്നത്. അല്ലെങ്കില്‍ തകര്‍ന്നു പോയേനെ. പഠിക്കാതെ സിനിമയിലേക്ക് വരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക