തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെ കുറിച്ച്‌ മുന്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനോട് ബാങ്കിലെ മുന്‍ ജീവനക്കാരനായ എം വി സുരേഷ് വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2020 ഏപ്രില്‍ 28 നു ഒരു ചാനലിന്റെ ടെലഫോണ്‍ പരിപാടിയില്‍ പങ്കെടുത്ത മന്ത്രിയെ നേരിട്ട് വിളിച്ചായിരുന്നു സുരേഷ് ബാങ്കിലെ തട്ടിപ്പിനെ കുറിച്ച്‌ വെളിപ്പെടുത്തിയത്. വിഷയത്തില്‍ ഇടപെടണമെന്നും പരാതി നല്‍കിയതിനെ തുടര്‍ന്ന് നഷ്ടമായ തന്റെ ജോലി തിരിച്ച്‌ വേണമെന്നും ആവശ്യപ്പെട്ട സുരേഷിനോട് വിഷയം ഗൗരവമായി തന്നെ എടുക്കുന്നുവെന്നായിരുന്നു മന്ത്രി നല്‍കിയ മറുപടി.

സുരേഷിൻറെ വാക്കുകൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അംഗമായിരുന്നു. അവിടെയുള്ള ജീവനക്കാര്‍ ചെയ്ത കോടികളുടെ വെട്ടിപ്പിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് എന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഏകദേശം 200 കോടിയുടെ വെട്ടിപ്പാണ്‌ നടന്നത്. സി പി എമ്മില്‍ ഉള്ളപ്പോള്‍ തന്നെ ഇതിനെതിരെ ഞാന്‍ പ്രതിഷേധിച്ചിരുന്നു. എന്നെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരിക്കുകയാണ്. ഇതിനെതിരെ സാര്‍, നടപടി സ്വീകരിക്കണം’, എന്നായിരുന്നു സുരേഷ് പറഞ്ഞത്.

മന്ത്രിയുടെ മറുപടി:

‘സുരേഷ് പറഞ്ഞ തട്ടിപ്പും വെട്ടിപ്പും എന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. താങ്കള്‍ പറഞ്ഞത് വളരെ ഗൗരവപൂര്‍വ്വം തന്നെ എടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എന്താണ് ആ ബാങ്കില്‍ സംഭവിച്ചത് എന്ന് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും’ എന്ന ഉറപ്പായിരുന്നു കടകംപള്ളി അന്ന് സുരേഷിന് നല്‍കിയിരുന്നത്.

എന്നാല്‍, ആ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സി പി എമ്മിനെ കുരുക്കി മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടും രംഗത്ത് വന്നു. തട്ടിപ്പിനെ കുറിച്ച്‌ സി പി എമ്മിനും നേതാക്കള്‍ക്കും മുന്‍പ് തന്നെ അറിയാമായിരുന്നുവെന്ന് സുജേഷ് വെളിപ്പെടുത്തി. രണ്ട് വര്‍ഷം മുന്‍പ് തട്ടിപ്പിനെ കുറിച്ചും പ്രതിയായ ബിജുവിനെതിരെയും ശബ്ദമുയര്‍ത്തിയെങ്കിലും അന്ന് തന്നെ താക്കീത് ചെയ്യുകയായിരുന്നു പാര്‍ട്ടി ചെയ്തതെന്ന് സുജേഷ് പറയുന്നു. തട്ടിപ്പിനെ കുറിച്ച്‌ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും പ്രാദേശിക നേതാക്കള്‍ പരാതികള്‍ മുക്കിയെന്നും സുജേഷ് ആരോപിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക