തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയുടെ ആവശ്യമില്ല. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ 2006 ലെ ഇ ഐ എ (EIA) വിജ്ഞാപനപ്രകാരം റെയില്‍ പദ്ധതികളെ പാരിസ്ഥിതിക അനുമതി നേടേണ്ട പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതു കൊണ്ടു തന്നെ ഇന്ത്യയില്‍ നടപ്പിലാക്കുന്ന റെയില്‍ പദ്ധതികള്‍ക്ക് അത്തരം അനുമതിയുടെ ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങളായ എ കെ രാഘവന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഭൂപേന്ദ്ര യാദവ് ഉത്തരം നല്‍കിയിരുന്നു. ഇത് ചില മാധ്യമങ്ങള്‍ കേരളം കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി തേടിയിട്ടില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയത് സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

വലിയ പദ്ധതികള്‍ നടപ്പിലാക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി എടുക്കേണ്ടതുണ്ടോ എന്നതായിരുന്നു അംഗങ്ങളുടെ ചോദ്യം. 2006 ലെ EIA വിജ്ഞാപനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ പുതിയ പദ്ധതികള്‍ക്കും അല്ലെങ്കില്‍ നിലവിലുള്ള പദ്ധതികളുടെ വിപുലീകരണമോ നവീകരണമോ ആണെങ്കിലോ അത് നടപ്പിലാക്കുന്ന സ്വകാര്യ അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ പാരിസ്ഥിതിക അനുമതി മുന്‍കൂറായി തേടേണ്ടതാണ് എന്നായിരുന്നു കേന്ദ്ര മന്ത്രി നല്‍കിയ മറുപടി. റെയില്‍ പദ്ധതിയെന്ന നിലയില്‍ സില്‍വര്‍ലൈന്‍ EIA വിജ്ഞാപനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അത്തരമൊരു അനുമതിയുടെ ആവശ്യമില്ല എന്നത് മന്ത്രിയുടെ മറുപടിയില്‍ നിന്ന് തന്നെ വ്യക്തമാണ്. ലോക്സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും പകര്‍പ്പ് ഇതോടൊപ്പം ചേര്‍ക്കുന്നു. അതോടൊപ്പം തന്നെ EIA 2016 വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക