ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇൻഫ്ളുവൻസർമാരേയും തിരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന ‘മിസ് എഐ’ സൗന്ദര്യ മത്സരം പ്രഖ്യാപിച്ചു. ലോകത്താകമാനമുള്ള എഐ ക്രിയേറ്റർമാരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് ലക്ഷ്യത്തോടെ വേള്‍ഡ് എഐ ക്രിയേറ്റർ അവാർട്സ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 20000 ഡോളറിന്റെ (16 ലക്ഷത്തിലേറെ രൂപ) സമ്മാനങ്ങളാണ് ലഭിക്കുക.

ഏപ്രില്‍ 14 നാണ് മത്സരത്തിനായുള്ള അപേക്ഷ ക്ഷണിച്ച്‌ തുടങ്ങിയത്. എഐ നിർമിത മോഡലുകള്‍ക്ക് പിന്നില്‍ പ്രവർത്തിക്കുന്ന ക്രിയേറ്റർമാർക്ക് മത്സരത്തില്‍ പങ്കെടുക്കാം. ക്രിയേറ്റർമാർ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കണം. 18 വയസ് പൂർത്തിയായിരിക്കണം. ഫാഷൻ, വൈവിധ്യം, എഐ നിർമിത പുരുഷ മോഡലുകള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ നടത്താനും വേള്‍ഡ് എഐ ക്രിയേറ്റർ അവാർഡ്സിന് പദ്ധതിയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഐയുടെ സഹായത്തോടെ നിർമിച്ച മോഡലുകളെയും, ഇൻഫ്ളുവൻസർമാരേയും കേന്ദ്രീകരിച്ചാണ് മിസ് എഐ മത്സരം സംഘടിപ്പിക്കുന്നത്. ഇവ ഏതെങ്കിലും പ്രത്യേക ടൂള്‍ ഉപയോഗിച്ച്‌ നിർമിച്ചതായിരിക്കണം എന്ന നിബന്ധനയില്ല. ഓപ്പണ്‍ എഐയുടെ ഡാല്‍-ഇ63, മിഡ്ജേണി, കോ പൈലറ്റ് ഡിസൈനർ എന്നിവയെല്ലാം ഉപയോഗിച്ച്‌ എഐ അവതാറുകള്‍ നിർമിച്ചെടുക്കാനാവും.

സൗന്ദര്യം, സാങ്കേതികവിദ്യ, സാമൂഹിക സ്വാധീനം എന്നിവ അടിസ്ഥാനമാക്കിയാണ് എഐ മോഡലുകളെ വിലയിരുത്തുക. നാലംഗ ജഡ്ജിങ് പാനല്‍ ഇതിനായുണ്ടാവും. ഇതില്‍ രണ്ട് പേർ എഐ ഇൻഫ്ളുവൻസർമാർ ആയിരിക്കും. 30 ലക്ഷം ഫോളോവർമാരുള്ള ഐറ്റാന ലോപ്പസ്, 28.1 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവർമാരുള്ള എമിലി പെല്ലഗ്രിനി എന്നിവരാണവർ. ഒപ്പം സംരംഭകനായ ആൻഡ്രൂ ബ്ലോച്ച്‌, സൗന്ദര്യ മത്സര ജഡ്ജായ സാല്ലി ആൻ ഫോസറ്റ് എന്നിവരും മത്സരം വിലയിരുത്തും.

ഓണ്‍ലൈൻ ആയി നടക്കുന്ന മത്സരത്തിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 10 ന് വിജയികളെ പ്രഖ്യാപിക്കും. ഇതോടൊപ്പം മെന്റർഷിപ്പ് പ്രോഗ്രാമുകള്‍, പ്രോമൊഷണല്‍ പാക്കേജുകള്‍, പിആർ പിന്തുണ എന്നിവയും വിജയിക്ക് ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക