// keralaspeaks.news_GGINT //

ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതീവ നിര്‍ണായകമായ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മത്സരിക്കാന്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര നഗരമായ വാരണാസി തെരഞ്ഞെടുത്തതുപോലെ രാഹുല്‍ ഗാന്ധിയെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹൈന്ദവ വിശ്വാസികള്‍ എത്തുന്ന ശബരിമലയുടെ നാടായ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. നിലവില്‍ വയനാട് എംപിയായ രാഹുലിനെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലേയ്ക്ക് മാറ്റാനാണ് ആലോചന. അതേസമയം വയനാടുമായുള്ള വൈകാരിക ബന്ധം അതേപടി രാഹുല്‍ തുടരുകയും ചെയ്യും. അതിനുള്ള പദ്ധതികളും കോണ്‍ഗ്രസ് ആവിഷ്കരിക്കും.

ഗംഗയുടെ തീരത്തെ ക്ഷേത്ര നഗരമായ വാരണാസിക്കൊപ്പം പ്രാധാന്യമുള്ളതാണ് പമ്ബയുടെ തീരത്തെ ശബരീശ്വര ക്ഷേത്രത്തിനും. ദക്ഷിണേന്ത്യയിലെ ഹൈന്ദവ വിശ്വാസികളുടെ തലസ്ഥാനമെന്നതിലുപരി രാജ്യത്ത് മതേതരത്വത്തിന്‍റെ പ്രതീകം കൂടിയാണ് ശബരിമല. രാഹുലിനായി ശബരിമലയുടെ നാട് ലോക്സഭാ മണ്ഡലമായി തെര‍ഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ച പ്രധാന ഘടകവും ഇതുതന്നെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ കേരളത്തിലേയ്ക്ക് മത്സരിക്കാന്‍ പോയ രാഹുലിനെതിരെ ബിജെപി പക്ഷത്തുനിന്നും ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായും ഇത് മാറും. അതിനു പുറമെ കേരളത്തെ സംബന്ധിച്ച്‌ അതീവ നിര്‍ണായകമായ രാഷ്ട്രീയ നീക്കമായും ഇത് മാറും. പ്രത്യേകിച്ചും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം തിരിച്ചു പിടിക്കാനുള്ള നിര്‍ണായക നീക്കത്തിന്‍റെ ഭാഗംകൂടിയാണിത്. മധ്യകേരളം യുഡിഎഫിനെ കൈവിട്ടതാണ് കേരളത്തില്‍ മുന്നണിയുടെ അടിത്തറ തകര്‍ത്തത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് മധ്യകേരളത്തിലെ തിരിച്ചടിയായിരുന്നു കാരണം.

എന്നാല്‍ രാഹുല്‍ പത്തനംതിട്ടയില്‍ മത്സരിക്കുന്നതോടെ നിലവില്‍ ഒരു നിയമസഭാംഗം പോലുമില്ലാത്ത പത്തനംതിട്ടയും ഭാഗികമായി കൈവിട്ട കോട്ടയവും ഇടുക്കിയും തൂത്തുവാരാം എന്നതാണ് പ്രധാന നേട്ടം. കോട്ടയം, പത്തനംതിട്ട ജില്ലകളിലായാണ് മണ്ഡലം സ്ഥിതിചെയ്യുന്നത്. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പത്തനംതിട്ടയില്‍ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് പത്തനംതിട്ട. ഈ 7 മണ്ഡലങ്ങളും നിലവില്‍ ഇടതുപക്ഷത്തിന്‍റെ കൈവശമാണ്. അതില്‍ മൂന്നെണ്ണവും കേരള കോണ്‍ഗ്രസ് – എമ്മിന്‍റെതുമാണ്.

ഇവിടെയാണ് കോണ്‍ഗ്രസിന്‍റെ പ്രധാന തന്ത്രം. രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരള കോണ്‍ഗ്രസ് – എമ്മിന്‍റെ ശക്തികേന്ദ്രങ്ങളില്‍ അവരെ എളുപ്പത്തിൽ പരാജയപ്പെടുത്താൻ കഴിയും. മണ്ഡലത്തോടു ചേര്‍ന്നു കിടക്കുന്ന ചങ്ങനാശേരിയിലും കേരള കോണ്‍ഗ്രസ് – എമ്മിന്‍റെ എംഎല്‍എയാണ്. രാഹുല്‍ ഗാന്ധിയുടെ വരവോടെ പൊതുവേ യുഡിഎഫ് പാരമ്ബര്യമുള്ള ഈ മേഖലയിലാകെ യുഡിഎഫ് തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ രാഹുല്‍ ഇഫക്‌ട് പ്രകടമാകും. ഇങ്ങനെ സംഭവിക്കുമ്പോൾ ജോസ് കെ മാണി നയിച്ച് ഇടതുമുന്നണിയിൽ നിൽക്കുന്ന കേരള കോൺഗ്രസിന്റെ രാഷ്ട്രീയ പ്രസക്തി തന്നെ ഇല്ലാതാകും എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.

കഴിഞ്ഞ തവണ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചപ്പോള്‍ പ്രചാരണ പരിപാടികളിലെ മുസ്ലിം ലീഗിന്‍റെ പച്ചക്കൊടികള്‍ വടക്കേ ഇന്ത്യയില്‍ രാഹുലിനെതിരെ ആയുധമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ മുസ്ലിം ലീഗിന് വലിയ സ്വാധീനങ്ങളില്ല.മറ്റൊന്ന് കേരളത്തില്‍ ബിജെപി ശക്തികേന്ദ്രമായി കണക്കാക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ഇവിടെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് തടയിടാനും രാഹുലിന്‍റെ സാന്നിധ്യം ഉപകരിക്കും. ബിജെപിയെ പത്തനംതിട്ടയില്‍ നിന്നും കെട്ട് കെട്ടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക